അടുത്തമാസം മുതല്‍ രാജ്യത്ത് പെട്രോള്‍ വില വര്‍ധിക്കും

Posted on: July 23, 2015 4:42 pm | Last updated: July 23, 2015 at 4:43 pm
SHARE

&MaxW=640&imageVersion=default&AR-150729762
അബുദാബി: പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതോടെ അടുത്ത മാസം മുതല്‍ വര്‍ധിക്കുമെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ഡീസലിനും പ്രകൃതിവാതകത്തിനും വില വര്‍ധന ബാധകമാവും. നിലവിലെ വില നിയന്ത്രണ സംവിധാനം ഇതോടെ ഇല്ലാതാവുകയും സര്‍ക്കാര്‍ സബ്‌സിഡി അവസാനിക്കുകയും ചെയ്യുന്നതോടെയാണ് വിലയില്‍ മാസാമാസം വ്യത്യാസം സംഭവിക്കുക. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ പറഞ്ഞു.
വിശദമായ പഠനത്തിന് ശേഷമാണ് അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ ഇന്ധന വിലയും പ്രകൃതിവാതക വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ വ്യക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
സാമ്പത്തികവും സാമൂഹികവും പ്രകൃതി ആഘാത പരവുമായ കാര്യങ്ങള്‍ വിശദമായി പഠിച്ചാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി ഇന്ധന വില അവലോകനം ചെയ്യാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റി രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയാവും വിലയില്‍ ആവശ്യമാവുന്ന പക്ഷം മാറ്റം വരുത്തുക. യു എ ഇ ക്യാബിനറ്റിന്റെ അംഗീകാരത്തോടെയാണ് നടപടി. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 1.73 ദിര്‍ഹമാണ് രാജ്യത്ത് ഈടാക്കുന്നത്.
ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍.
സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അല്‍ മസ്‌റൂഇ വ്യക്തമാക്കി.
രാജ്യാന്തര നിലയില്‍ യു എ ഇയുടെ മത്സരക്ഷമതയെ ശക്തിപ്പെടുത്താനും ഇന്ധനവിലയിലെ മാറ്റം ഉപകരിക്കും. ഭാവി തലമുറക്കായി ഊര്‍ജസ്രോതസുകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നതിനൊപ്പം കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനം ഉപയോഗിക്കാനും എണ്ണ ഉപഭോഗത്തില്‍ സൂക്ഷ്മത കൈവരിക്കാനും വില വര്‍ധന സഹായകമാവും. കൂടുതല്‍ പേര്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറിലേക്ക് മാറാനും നടപടി വഴിയൊരുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്താന്‍ ആളുകള്‍ തയ്യാറാവുമെന്നതിനാല്‍ റോഡുകളില്‍ ഗതാഗതക്കുരുക്കു കുറയും. അത്യന്തികമായി പരിസ്ഥിതിമലിനീകരണം ഗണ്യമായി കുറയുമെന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു.
രാജ്യത്ത് സംഭവിക്കുന്ന കാര്‍ബണ്‍ പുറന്തള്ളലിന്റെ 22 ശതമാനവും മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടാണ് 2013ല്‍ യു എ ഇ പുറന്തള്ളിയത് 4.46 കോടി മെട്രിക് ടണ്‍ കാര്‍ബണായിരുന്നു.
രാജ്യാന്തര നിലവാരത്തിലേക്ക് മാറുമ്പോള്‍ പെട്രോള്‍ വില വര്‍ധിക്കുമെങ്കിലും ഡീസല്‍ വിലയില്‍ കുറവുണ്ടാവും. ഡീസല്‍ വിലയില്‍ കുറവു സംഭവിക്കുക എന്നാല്‍ വ്യവസായ മേഖലയിലെ നടപ്പ് ചെലവ് കുറയുക എന്നതാണ്.
എല്ലാമാസവും 28-ാം തിയ്യതിയാവും കമ്മിറ്റി അടുത്ത മാസത്തെ ഇന്ധനവില പ്രഖ്യാപിക്കുകയെന്ന് ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറിയും പുതുതായി രൂപീകരിച്ച ഗ്യാസോലിന്‍ ആന്‍ഡ് ഡീസല്‍ പ്രൈസസ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മത്തര്‍ അല്‍ നിയാദി വ്യക്തമാക്കി. ഇതു പ്രകാരം ഈ മാസം 28നാവും അടുത്ത മാസത്തെ ഇന്ധനവില പ്രഖ്യാപിക്കുക.

പെട്രോള്‍ വില വര്‍ധനക്ക് സമ്മിശ്ര പ്രതികരണം
അബുദാബി: അടുത്ത മാസം മുതല്‍ പെട്രോള്‍ വില രാജ്യാന്തര വിലക്ക് അനുസൃതമായി വര്‍ധിപ്പിക്കാനുള്ള ഊര്‍ജ മന്ത്രാലയത്തിന്റെ തീരുമാനത്തോട് വാഹന ഉടമകള്‍ സമ്മിശ്രമായി പ്രതികരിച്ചു. മിക്കവരും എണ്ണവിലയില്‍ സംഭവിക്കുന്ന വര്‍ധനവ് ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു.
സബ്‌സിഡി വെട്ടിക്കുറക്കുമെന്നാല്‍ വിലയില്‍ വര്‍ധനവാകും സംഭവിക്കുകയെന്ന് സ്വദേശിയായ അലി അല്‍ ഖുബൈസി അഭിപ്രായപ്പെട്ടു. പെട്രോള്‍ വില വര്‍ധിക്കുന്നത് ഗതാഗതക്കുരുക്ക് കുറക്കാന്‍ ഇടയാക്കുമെന്നായിരുന്നു അബുദാബി സ്വദേശിയായ കരീം ഇസ്മാഈലിന്റെ പ്രതികരണം. നീക്കം പരിസ്ഥിതി സംരക്ഷണത്തിന് സഹായകമാവുമെന്ന് സ്വദേശി ബിസിനസുകാരനായ സെയ്ഫ് അല്‍ മന്‍സൂരി അഭിപ്രായപ്പെട്ടു.