യാചകര്‍ക്കെതിരെയുള്ള റമസാന്‍ ക്യാമ്പയിന്‍ അവസാനിച്ചു

Posted on: July 23, 2015 4:32 pm | Last updated: July 23, 2015 at 4:36 pm
SHARE

Untitled-1 copy
ദുബൈ: റമസാനിലെ പ്രത്യേക യാചകരെ പിടികൂടാന്‍ ദുബൈ പോലീസ് നടത്തിവന്ന ക്യാമ്പയിന്‍ അവസാനിച്ചു. കഴിഞ്ഞ മാസം പകുതിയോടെ തുടങ്ങിയ ക്യാമ്പയിന്‍ ‘യാചന തടയുക’ എന്നതായിരുന്നു ഉയര്‍ത്തിപ്പിടിച്ച സന്ദേശം.
ഒരു മാസത്തിലധികം നീണ്ട ക്യാമ്പയിന്‍ കാലയളവില്‍ യാചകവൃത്തിയിലേര്‍പെട്ടിരുന്ന 325 പേരെയാണ് പോലീസ് പൊക്കിയത്. പിടിക്കപ്പെട്ടവരില്‍ സ്ത്രീകളും ഉള്‍പെടുമെന്ന് ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി അറിയിച്ചു. പ്രായപൂര്‍ത്തിയെത്താത്ത മൂന്ന് കുട്ടികളും പിടിക്കപ്പെട്ടവരിലുണ്ട്. രാജ്യത്തെ നിയമാനുസൃത താമസക്കാരായിരുന്നു ഈ കുട്ടികളെന്ന് വ്യക്തമായതായും അല്‍ മന്‍സൂരി പറഞ്ഞു.
പിടിക്കപ്പെട്ടവരിലധികവും സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരായിരുന്നു. സ്ത്രീകളില്‍ ചിലരുടെ കൂടെ ചെറിയ കുട്ടികളുമുണ്ടായിരുന്നു. പൊതുജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനായിരുന്നു ഇവര്‍ കുട്ടികളുമായി യാചനക്കിറങ്ങിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യക്കാരനായ യാചകനെ റമസാനിലെ ഒരു വൈകുന്നേരമാണ് നഗരത്തിലെ തിരക്കേറിയ ഭാഗത്തുനിന്ന് പിടികൂടിയത്. അന്നേ ദിവസം കാലത്തായിരുന്നു ഇയാള്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയത്. വീല്‍ചെയറില്‍ ഇരുന്നു യാചിക്കുന്ന ഒരു ഏഷ്യക്കാരനെ യാചനക്കിടെ പിടികൂടി പരിശോധിക്കവേ ഇയാള്‍ക്ക് നടക്കാന്‍ കഴിയാത്ത ഒരസുഖവും ഇല്ലെന്ന് വ്യക്തമായി. റമസാന്‍ 27-ാം രാവിനായിരുന്നു ഇയാള്‍ പിടിക്കപ്പെട്ടത്. ഒറ്റ രാത്രിയിലെ മാത്രം ‘കളക്ഷന്‍’ 25,000 ദിര്‍ഹം ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.
നഗരത്തിലെ ജനത്തിരക്കുള്ള ഒരു പരമ്പരാഗത സൂഖില്‍ യാചനയിലേര്‍പെട്ട രണ്ടു സ്ത്രീകളിലൊരാള്‍ ഷോപ്പിംഗിനെത്തിയ ഒരാളുടെ ഐ ഫോണ്‍ 6 മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലായത്. നായിഫ് ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ യാചകരെ പിടികൂടിയതെന്ന് കുറ്റാന്വേഷണ വിഭാഗത്തിനു കീഴിലെ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താനുള്ള വിഭാഗം തലവന്‍ ലഫ്-കേണല്‍ അലി സാലം അല്‍ ശാംസി അറിയിച്ചു. മാതാപിതാക്കളുള്‍പെടെ ചെറിയ കുട്ടികളടക്കം 13 അംഗങ്ങളുള്ള ഒരു ഗള്‍ഫു കുടുംബം സംഘമായി സ്വദേശി വീടുകള്‍ കയറിയറങ്ങി യാചിക്കുന്നതിനിടെ പിടിക്കപ്പെട്ടതായും പോലീസ് പറഞ്ഞു.
യാചകര്‍ക്ക് വേണ്ടിയുള്ള തിരിച്ചിലിടയില്‍ 431 മറ്റു നിയമ ലംഘകരെയും ക്യാമ്പയിന്‍ കാലയളവില്‍ പിടികൂടുകയുണ്ടായി. ഇതില്‍ 300 വീട്ടുജോലിക്കാരായിരുന്നു. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഇവര്‍ പലയിടങ്ങളിലായി അനധികൃത ജോലിക്കാരായി കഴിയുകയായിരുന്നു. 131 തെരുവുകച്ചവടക്കാരെയും പോലീസ് ക്യാമ്പയിന്‍ കാലയളവില്‍ പിടികൂടുകയുണ്ടായി.