ഇലക്കച്ചവടത്തിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍

Posted on: July 23, 2015 12:35 pm | Last updated: July 23, 2015 at 12:35 pm
SHARE

പാലക്കാട്: നിരോധിത ലഹരിവസ്തുക്കളുടെ മൊത്ത വിതരണക്കാരനെ അറസ്റ്റ് ചെയ്തു. മൂത്താന്‍തറ ഹരിദാസിനെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് നിരോധിക്കപ്പെട്ട ഹാന്‍സ്, ഹായ് എന്നി ലഹരിവസ്തുക്കളുടെ 8000 പാക്കറ്റുകള്‍ കണ്ടെടുത്തു. മേലാമുറി പച്ചക്കറി മാര്‍ക്കറ്റില്‍ ഇലക്കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായ ലോറികളിലും മറ്റും ആളുകളെ വെച്ച് കടത്തിക്കൊണ്ട് വരികയാണ് പതിവ്. കഴിഞ്ഞാഴ്ച മാരുതികാറില്‍ കടത്തിയ ഒരു ചാക്ക് ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ മൂത്താന്‍തറ ശിവജി റോഡ് രവീന്ദ്രനെ(49) പിടികൂടിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ കടകളിലുമാണ് വിതരണം നടത്തിയിരുന്നത്. ടൗണ്‍ നോര്‍ത്ത് എസ് ഐ എം സുജിത്ത്, ജൂനിയര്‍ എസ് ഐ ശിവന്‍ ചോടത്ത്, എ എസ് ഐ ദേവദാസ്, എസ് സി പി ഒ മണികണ്ഠന്‍, സോമന്‍, സി പി ഒമാരായ സുനില്‍ , ജാഫര്‍സാദിഖ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.