കോപ ലിബര്‍ട്ടഡോറസ് റിവര്‍പ്ലേറ്റ് ഫൈനലില്‍

Posted on: July 23, 2015 6:17 am | Last updated: July 23, 2015 at 12:18 pm
SHARE

copa-bridgestone-libertadores copyഅസുന്‍ഷ്യന്‍(പരാഗ്വെ): ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ ലിബര്‍ട്ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റ് ഫൈനലില്‍. പരാഗ്വെ ക്ലബ്ബ് ഗൊരാനിയെ ഇരുപാദത്തിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിറകിലാക്കിയാണ് റിവര്‍പ്ലേറ്റിന്റെ മുന്നേറ്റം.
കഴിഞ്ഞാഴ്ച ബ്യൂണസ്‌ഐറിസില്‍ നടന്ന ആദ്യപാദം 2-0ന് ജയിച്ച അര്‍ജന്റൈന്‍ ക്ലബ്ബ് പരാഗ്വെയില്‍ നടന്ന രണ്ടാം പാദത്തില്‍ 1-1ന് സമനില പിടിച്ചു. ഹോംഗ്രൗണ്ട് ആനുകൂല്യത്തില്‍ തിരിച്ചുവരവ് നടത്താമെന്ന കണക്ക് കൂട്ടലിലായിരുന്നു പരാഗ്വെ ടീം.
ആദ്യ പകുതിയില്‍ ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ട ഗൊരാനിയ മത്സരം ഒരു മണിക്കൂറിലെത്തിയപ്പോള്‍ ആദ്യ ഗോളടിച്ചു. ഒരു ഗോള്‍ കൂടി നേടിയാല്‍ ഇരുപാദ സ്‌കോര്‍ തുല്യമാക്കാം. രണ്ടാം ഗോളിനായുള്ള തീവ്രശ്രമത്തിനിടെ, എഴുപത്തൊമ്പതാം മിനുട്ടില്‍ റിവര്‍പ്ലേറ്റ് ഗോള്‍ മടക്കി. ലുകാസ് അലാരിയോ ആണ് സ്‌കോറര്‍.
രണ്ട് തവണ ചാമ്പ്യന്‍മാരായ റിവര്‍പ്ലേറ്റ് 1996 ല്‍ കിരീടമുയര്‍ത്തിയതിന് ശേഷം ആദ്യമയാണ് കോപ ലിബര്‍ട്ടഡോറസില്‍ ഫൈനലിലെത്തുന്നത്. രണ്ട് ദശകത്തോടടുക്കുമ്പോള്‍ റിവര്‍പ്ലേറ്റിന് വീണ്ടും ഫൈനല്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് കോച്ച് മാര്‍സെലോ ഗലാര്‍ഡോ പറഞ്ഞു.
മെക്‌സിക്കോയുടെ ടൈഗ്രസും ബ്രസീലിയന്‍ ക്ലബ്ബ് ഇന്റര്‍നാഷണലും തമ്മിലുള്ള സെമി ജേതാക്കളാകും റിവര്‍പ്ലേറ്റിന് കിരീടപ്പോരില്‍ എതിരാളി. ആദ്യപാദം 2-1ന് ഇന്റര്‍നാഷനല്‍ ജയിച്ചിരുന്നു.