കേരളം ഗോളടിക്കാന്‍ ഫിഫ പദ്ധതി തയ്യാറാക്കുന്നു

Posted on: July 23, 2015 6:16 am | Last updated: July 23, 2015 at 12:17 pm
SHARE

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാകാന്‍ ഒരുങ്ങിക്കൊണ്ടിരിക്കെ കേരളത്തിലെ ഫുട്‌ബോള്‍ രംഗത്തെ വികസനത്തിനായി ഫിഫ പദ്ധതി തയ്യാറാക്കുന്നു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി എത്തിയ ഫിഫ സംഘത്തിന്റെ കേരള സന്ദര്‍ശനം പൂര്‍ത്തിയായി. ആഗസ്റ്റ് അവസാന വാരം പദ്ധതികള്‍ക്ക് അന്തിമ രൂപമാകുമെന്ന് സംഘത്തലവനായ ഫിഫ റീജനല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ഷാജി പ്രഭാകര്‍ അറിയിച്ചു.
ഫിഫയുടെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ വിന്‍സെന്റ് സുബ്രമഹ്ണ്യം,ഫിഫ റീജ്യണല്‍ വിഭാഗം ഓഫീസര്‍ ഷാജി പ്രഭാകര്‍, ഐ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സുനന്ദ ധോര്‍,ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒഡോണല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനത്തിനായി എത്തിയത്. 20 ന് കൊച്ചിയിലെത്തിയ സംഘം കേരളത്തിലെ മുന്‍കാലത്തെയും ഇപ്പോഴത്തെയും ഫുട്‌ബോള്‍ താരങ്ങള്‍, കോച്ചുമാര്‍, റഫറിമാര്‍,വിവധ ഫുട്‌ബോള്‍ ക്ലബ്ബുകള്‍,കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെ.എഫ്.എ) ഭാരവാഹികള്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി ആശയ വിനിമയം നടത്തി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു.
ആശയ വിനിമയങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളിലാണു പുരോഗതി കൈവരിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ആഗസ്റ്റ് അവസാന വാരത്തില്‍ ഫിഫ സംഘം കേരള ഫുട്‌ബോള്‍ ഫെഡറേഷനു കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെപ്തംബറില്‍ പരിശീലകര്‍, ഭാരവാഹികള്‍, ക്ലബുകള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചു വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്ലാന്‍ തയാറാക്കാനായി വിനിയോഗിക്കും. നിര്‍ദേശങ്ങളില്‍ നിന്നു നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ കെഎഫ്എയ്ക്കു മുന്‍ഗണനാ ക്രമത്തില്‍ തിരഞ്ഞെടുക്കാം. ജനുവരി മുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള സമയം നല്‍കും. മാര്‍ച്ചില്‍ ഫിഫ പദ്ധതിയുടെ അവലോകനം നടത്തും. ഈ സമയം പുരോഗതി ഒരു മേഖലയിലും കാണുന്നില്ലെങ്കില്‍ പദ്ധതി ഫിഫ അവസാനിപ്പിക്കും. പുരോഗതി കാണുകയാണെങ്കില്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷത്തേക്കു വികസന പദ്ധതി ഫിഫ മുന്നോട്ടു കൊണ്ടുപോകുമെന്നു ഷാജി പ്രഭാകര്‍ പറഞ്ഞു.
കെഎഫ്എയ്ക്കു സഹായം നല്‍കുന്നതിനായി ടെക്‌നിക്കല്‍ ഡയറക്ടര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ആന്റ് വെന്യു ഓപ്പറേറ്റിംഗ് ഡയറക്ടര്‍ എന്നിങ്ങനെ രണ്ടു വിദഗ്ധരെ കേരളത്തിലേക്കായി ഫിഫ നിയോഗിക്കും.
ഇവരുടെ നിയമനം സെപ്തംബറിലുണ്ടാകും. ഫുട്‌ബോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സ്വയം ഫണ്ട് ആര്‍ജിക്കാന്‍ കെഎഫ്എയെ പ്രാപ്തമാക്കുക എന്നതാണു മാര്‍ക്കറ്റിംഗ് വിദഗ്ധന്റെ ദൗത്യമെന്നും ഷാജി പ്രഭാകര്‍ പറഞ്ഞു. കെ.എഫ്.എ പ്രസിഡന്റ് കെ എം ഐ മേത്തര്‍, ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. സംഘം ഇന്നലെ രാത്രി മുംബൈയിലേക്ക് പോയി. അണ്ടര്‍ 17 ലോകകപ്പിന് വേദിയാകാന്‍ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.