Connect with us

Thrissur

സ്ഥാനമൊഴിയുന്നത് ചില സ്വപ്‌ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകാതെ: എം എസ് ജയ

Published

|

Last Updated

തൃശൂര്‍: കലക്ടറെന്ന നിലയില്‍ തന്റെ സ്വപ്‌നങ്ങളായിരുന്ന ചില പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിഷമത്തോടെയാണ് തൃശൂരിനോട് യാത്ര പറയുന്നതെന്ന് നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ. തൃശൂര്‍ പ്രസ്‌ക്ലബ് നല്‍കിയ യാത്രയയപ്പു യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യമറിയിച്ചത്. തൃശൂരിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി അതിഥി ക്ഷേമ പദ്ധതി തുടങ്ങാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
ഇസാഫുമായി സഹകരിച്ചാണ് പദ്ധതി തുടങ്ങാന്‍ ധാരണയായത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യമൊരുക്കുകയെന്ന അടിസ്ഥാനപരമായ നടപടിക്കാണ് തുടക്കമിടാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ വളരെ മോശമായ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ താമസവും മറ്റും. ഇതിനൊരു പരിഹാരമുണ്ടാക്കാനുള്ള പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതിനുള്ള എല്ലാ ഗൈഡ്‌ലൈനുകളും ആയിട്ടുണ്ട്. അടുത്തു വരുന്ന കളക്ടര്‍ ഇതു നടപ്പാക്കുമെന്ന വിശ്വാസമാണുള്ളതെന്നും എം.എസ്.ജയ പറഞ്ഞു.
രാമവര്‍മപുരത്ത് വിജ്ഞാന്‍ സാഗര്‍ പദ്ധതിയായിരുന്നു മറ്റൊരു സ്വപ്‌നം. അഞ്ചു നിലയിലുള്ള കെട്ടിടം നിര്‍മിക്കണമെന്നായിരുന്നു കരുതിയിരുന്നത്. അതിന് ഫണ്ടു ലഭിച്ചില്ല. അതിനാല്‍ ഒരു നിലയുള്ള കെട്ടിടം പണിത് അതിന്റെ ഉദ്ഘാടനം ന്ടത്താനുള്ള ഒരുക്കത്തിലായിരുന്നു. അടുത്ത മാസം ഇതിന്റെ ഉദ്ഘാടനം നടത്താനാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനവും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് കരുതിയിരുന്നത്. എന്തായാലും അതിനുള്ള സ്ഥലം കൈമാറ്റം നടന്നു കഴിഞ്ഞു. ഇനി മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തി പദ്ധതി പൂര്‍ത്തീകരിക്കാനാകും. ഈ പദ്ധതികളൊക്കെ അടുത്തു വരുന്ന കളക്ടര്‍ക്ക് എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടാണ് താന്‍ സ്ഥാനം ഒഴിയുന്നതെന്നും എം.എസ്.ജയ പറഞ്ഞു.