ടൂറിസം പദ്ധതി: ചാവക്കാട് ബീച്ചിന് അമ്പത് ലക്ഷം രൂപ

Posted on: July 23, 2015 11:28 am | Last updated: July 23, 2015 at 11:28 am
SHARE

ചാവക്കാട്: ബീച്ച് ടൂറിസം പദ്ധതിക്കായി ചാവക്കാട് ബീച്ചിന് അമ്പത് ലക്ഷം രൂപ അനുവദിച്ചു. കെ വി അബ്ദുല്‍ ഖാദിര്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിത്. ഇരിപ്പിടങ്ങള്‍ നിര്‍മിക്കുക, ലഘു ഭക്ഷണശാലകള്‍ ഒരുക്കുക, പോലിസ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെ അലങ്കാര വിളക്കുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതിയില്‍പ്പെടുക. ഈ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ജില്ലാ നിര്‍മിതി കേന്ദ്രവും സിഡ്‌ക്കോയ്ക്കുമാണ് പ്രവൃത്തിയുടെ ചുമതല. പദ്ധതി വിപുലമായ രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം മന്ത്രിതലത്തില്‍ യോഗം നടന്നെങ്കിലും വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ യോഗം തീരുമാനം എടുക്കാന്‍ കഴിയാതെ പിരിയുകയായിരുന്നു.
ചാവക്കാട് ബീച്ചിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് പല തവണ നിവേദനം നല്‍കിയെങ്കിലും അനുകൂലമായ നിലപാട് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ബീച്ച് മനോഹരമാക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി നടത്തി എത്രയും പെട്ടന്ന് പദ്ധതി ഉദ്ഘാടനം നടത്തുമെന്ന് എം എല്‍ എ അറിയിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അവഗണന ഏറ്റുവാങ്ങിയ ബീച്ചാണ് ഇത്. കെ വി അബ്ദുല്‍ഖാദിര്‍ എം എല്‍ എ യുടെ ശ്രമഫലമായി കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ബീച്ച് ടൂറിസം പദ്ധതിക്കായി ഒന്നരകോടി രൂപ അനുവദിച്ചിരുന്നു. തറക്കല്ലിട്ട് പണിയും തുടങ്ങിയിരുന്നു.
500 മീറ്ററോളം വരുന്ന നടപ്പാത, പോലിസ് എയ്ഡ് പോസ്റ്റ്, റിഫ്രഷ്‌മെന്റ് സ്റ്റാളുകള്‍, ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍, ദീപാലങ്കാരം, കുട്ടികള്‍ക്കുള്ള കളിമുറ്റം, കടലിലെ കുളി കഴിഞ്ഞാല്‍ വസ്ത്രം മാറാനുള്ള സൗകര്യം, പച്ചപുല്ല് വിരിച്ച പുല്‍മേട് എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍, ഓരോ വര്‍ഷവും നിര്‍മാണ പ്രവൃത്തിക്കാവശ്യമായ സാധന സാമഗ്രികളുടെ വില കുതിച്ച് ഉയരുന്നതിനാല്‍ പഴയ എസ്റ്റിമേറ്റ് വെച്ച് പണിയാന്‍ കഴിയാത്ത അവസ്ഥയായതിനാലാണ് പദ്ധതി മുടങ്ങിക്കിടക്കാന്‍ കാരണമായത്.