പോലീസ് ശത്രുത കാട്ടുന്നു: സുന്നി സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: July 23, 2015 6:25 am | Last updated: July 23, 2015 at 11:26 am
SHARE

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പോലീസിന്റെ ശത്രുതാ മനോഭാവത്തോടെയുള്ള നിലപാടില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആരോ എഴുതിക്കൊടുക്കുന്ന തിരക്കഥയനുസരിച്ച് എഫ് ഐ ആര്‍ എഴുതിയും സുന്നിപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സ്ഥലങ്ങളില്‍ ഏകപക്ഷീയമായി കേസെടുത്തും പോലീസ് പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സംഭവങ്ങളാണ് ജില്ലയില്‍ പലയിടത്തും നടക്കുന്നത്.
തിരുവള്ളൂര്‍ പഞ്ചായത്തിലെ വള്ള്യാട്, മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പ, താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണ, ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ, ഓമശ്ശേരി പഞ്ചായത്തിലെ അയഞ്ചേറ്റ്മുക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചും വാഹനമോടിച്ച് കയറ്റി കൊലപാതക ശ്രമം നടത്തിയും പ്രതികള്‍ അഴിഞ്ഞാടുമ്പോഴും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ല. കേസ് നിലവിലുള്ളവര്‍ പോലീസിന്റെ കണ്‍മുന്നിലുണ്ടായിട്ടും അറസ്റ്റ് ചെയ്യാനും തയ്യാറാകുന്നില്ല.
പാറക്കടവ് സംഭവത്തില്‍ യാതൊരു തെളിവും സാഹചര്യവുമില്ലാതെ രണ്ട് വിദ്യാര്‍ഥികളെ ജയിലിലടച്ച പോലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്താനോ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടു വരാനോ താത്പര്യം കാണിക്കുന്നില്ല. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ റിയാസിനെതിരെ നടത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനം. ഒരു അടിപിടി നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്ത് സംഭവം നടന്ന് ഏറെ കഴിഞ്ഞതിന് ശേഷം എത്തിപ്പെട്ട റിയാസിനെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെക്കുകയും അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ മുഖം രക്ഷിക്കാനായി പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് ജയിലിലടക്കുകയും ചെയ്യുകയാണുണ്ടായത്. ഒരു പെറ്റിക്കേസില്‍ പോലും ഇതുവരെ ഉള്‍പ്പെട്ടിട്ടില്ലാത്ത റിയാസിനെ കുറിച്ച് പ്രാഥമികമായി പോലും വിലയിരുത്താതെ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി അസാധാരണമായ തിടുക്കം കാട്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച നടപടി ദുരൂഹമാണ്.
ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു. സുന്നി പ്രവര്‍ത്തകരുടെ ക്ഷമയും അച്ചടക്കവും ബലഹീനതയായി കാണരുതെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. പ്രക്ഷോഭ പരിപാടികളുടെ ആദ്യപടിയായി ഈ മാസം 25 ന് വടകര എസ് പി ഓഫീസിലേക്ക് ജില്ലയിലെ സുന്നി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും.
യോഗത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി എച്ച് റഹ്മത്തുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, അബ്ദുസ്സമദ് സഖാഫി മായനാട്, എം ടി ശിഹാബുദ്ദീന്‍ സഖാഫി സംബന്ധിച്ചു.