നാളികേര വിലയിടിവ്: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Posted on: July 23, 2015 10:58 am | Last updated: July 24, 2015 at 12:13 am
SHARE

niyamasabha_3_3തിരുവനന്തപുരം: നാളികേര വിലയിടിവ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ.വി. വിജയദാസാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. നാളികേരത്തിന്റെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതായും കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ആസിയാന്‍ കരാറുമായി മുന്നോട്ട് പോയതാണ് നാളികേര കര്‍ഷകര്‍ ബുദ്ധിമുട്ടുന്നതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി വര്‍ധിപ്പിച്ചതാണ് നാളികേരത്തിന്റെ വിലയിടിവിന് കാരണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ മറുപടിയായി പറഞ്ഞു. വിഷയത്തില്‍ കൃഷിവകുപ്പ് സമഗ്രമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിക്കുകയാണുണ്ടായത്. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.