മതനിന്ദ: ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷക്ക് പാക് സുപ്രീം കോടതിയുടെ സ്റ്റേ

Posted on: July 23, 2015 5:39 am | Last updated: July 23, 2015 at 9:39 am
SHARE

ലാഹോര്‍: പാക്കിസ്ഥാനില്‍ മത നിന്ദക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആസ്യ ബീബി എന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിധി. മൂന്ന് പേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ഈ വിഷയത്തില്‍ വാദം കേട്ട് വിധിപ്രസ്താവം നടത്തിയത്.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരു സ്ത്രീയുമായി വെള്ളക്കപ്പിന് വേണ്ടിയുള്ള തര്‍ക്കത്തിനിടെയായിരുന്നു സംഭവം. തര്‍ക്കം മൂത്തപ്പോള്‍ സംസാരത്തിനിടെ ബീബി ദൈവ നിന്ദാപരമായ വാക്ക് ഉച്ചരിക്കുകയായിരുന്നു. പിന്നീട് അവര്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 2009ല്‍ ഇവര്‍ക്ക് മേല്‍ കേസ് ചുമത്തുകയും 2010 ല്‍ കുറ്റക്കാരിയെന്ന് വിധി വരികയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ലാഹോര്‍ ഹൈക്കോടതി ഇവര്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത്. ളിയാഉല്‍ ഹഖ് 1980 എന്ന സൈനിക നിയമമനുസരിച്ചാണ് രാജ്യത്ത് ദൈവ നിന്ദാകുറ്റം ചുമത്തപ്പെടുന്നത്. അതിനുപുറമേ ഇതേ നിയമമനുസരിച്ച് രാജ്യത്ത് തീവ്രവാദികള്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചുവരാറുണ്ട്.