വിസാതട്ടിപ്പ്: ദുബൈയില്‍ മലയാളി യുവതികള്‍ കുടുങ്ങിക്കിടക്കുന്നു

Posted on: July 23, 2015 1:01 am | Last updated: July 23, 2015 at 1:01 am
SHARE

americans-get-a-10-yrs-biz-visa-chinese-for-6-mthsഅമ്പലപ്പുഴ: വിസാതട്ടിപ്പിനിരയായ മൂന്ന് യുവതികള്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്നു. തോട്ടപ്പള്ളി കൃഷ്ണാലയം പുതുവല്‍ രമയുടെ മകള്‍ ഷിനി, രമയുടെ സഹോദരി ലത, സുഹൃത്ത് ഉണ്ണിയമ്മ എന്നിവരാണ് ദുബൈയില്‍ വിസാതട്ടിപ്പിനിരയായി നരകയാതന അനുഭവിക്കുന്നത്. ഈ മാസം രണ്ടിനാണ് കാക്കാഴം സ്വദേശി സിദ്ദീഖ് നല്‍കിയ വിസ പ്രകാരം മൂവരും വിദേശത്ത് എത്തിയത്. ഓരോരുത്തരും അമ്പതിനായിരം രൂപവീതവും ഏജന്റിന് നല്‍കിയിരുന്നു.
ഷിനിക്ക് സുല്‍ത്താന്‍ പാലസ് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റായും മറ്റ് രണ്ട് പേര്‍ക്ക് ക്ലീനിംഗ് ജോലിയും നല്‍കാമെന്ന ഉറപ്പിലാണ് ഇവരെ വിദേശത്ത് എത്തിച്ചത്. എന്നാല്‍ വിദേശത്ത് ചെന്നപ്പോഴാണ് ഇവിടെ അറബിയുടെ വീട്ടുജോലിക്കാണ് തങ്ങളെ എത്തിച്ചതെന്ന് അറിയുന്നത്. ഇതിനെ തുടര്‍ന്ന് ജോലി ചെയ്യാതെ അറബിയുടെ വീട്ടില്‍ നില്‍ക്കുകയാണ് മൂവരും. ഇനി ഒന്നരലക്ഷം രൂപയും ടിക്കറ്റ് ചാര്‍ജും നല്‍കിയാലേ ഇവരെ നാട്ടിലേക്ക് അയക്കൂഎന്ന് വിദേശത്തെ ഏജന്റ് പറഞ്ഞതായി രമ പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട രമക്ക് ഷിനിയെക്കൂടാതെ ഷാനി എന്ന മറ്റൊരു മകളുമുണ്ട്. ഷാനിയുടെ ഭര്‍ത്താവ് ഏഴ് മാസംമുമ്പ് തോട്ടപ്പള്ളിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇയാളുടെ ചികിത്സക്കായി സ്വര്‍ണവും മറ്റും വില്‍ക്കുകയും ചെയ്തിരുന്നു.
പിന്നീട് ഷിനിക്ക് വിദേശത്ത് ജോലി ശരിയായതോടെ വിസക്ക് പണം നല്‍കാനായി തോട്ടപ്പള്ളിയിലെ വീട് ഒന്നരലക്ഷം രൂപക്ക് പണയംവെക്കുകയും ചെയ്തു. ഇതില്‍നിന്ന് അമ്പതിനായിരം രൂപ ഏജന്റിന് നല്‍കി. ബാക്കി തുകയില്‍ ഒരു ഭാഗംകൊണ്ട് ഇരട്ടക്കുളങ്ങരയില്‍ വാടകക്ക് താമസമാരംഭിച്ചു. ഇവിടെ സെക്യൂരിറ്റിയായി 25,000 രൂപ നല്‍കുകയും ചെയ്തു. 4500 രൂപ മാസവാടകക്കാണ് താമസമാരംഭിച്ചത്. രണ്ട് മാസമായി വാടകയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീധന പ്രശ്‌നത്തിന്റെ പേരില്‍ ഷിനിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെയാണ് വിദേശത്ത് അവസരം ലഭിച്ചത്. ഷാനിയുടെ ഭര്‍ത്താവ് മരിച്ചതിന്റെ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ അനുവദിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടില്‍ചെന്ന് കണ്ടപ്പോഴാണ് രമക്കും ഷാനിക്കും മുഖ്യമന്ത്രി ഈ ഉറപ്പ് നല്‍കിയത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ തുകയും ലഭിച്ചില്ല. ഇപ്പോള്‍ ഷാനിയുടെയും ഷിനിയുടെയും പിഞ്ചുകുഞ്ഞുങ്ങളുമായി വാടകവീട്ടില്‍ കഴിയുന്ന രമക്ക് ഒരേയൊരു ആഗ്രഹംമാത്രമേയുള്ളു. ഏതെങ്കിലും രീതിയില്‍ തന്റെ മകളെ നാട്ടിലെത്തിക്കുക. ഇതിന് അധികാരികളുടെ കനിവ് തേടുകയാണ് രമ.