Connect with us

Kerala

ഗുരുവായൂര്‍ ബോംബ് ഭീഷണി: പ്രതിയുമായി ബന്ധമുള്ളവരെ കുറിച്ചും അന്വേഷണം

Published

|

Last Updated

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണിയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജിതം. ഖത്തറിലുള്ള പ്രതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വന്നിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന ഗുരുവായൂര്‍ സി ഐ എം. യു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഖത്തറിലുള്ള പ്രതിയുടെ താമരശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താമരശ്ശേരിക്കു പുറമെ മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലും സംഘം അന്വേഷണം നടത്തി. മലപ്പുറം മോങ്ങത്താണ് പ്രതി ജനിച്ചു വളര്‍ന്നത്.
വിവാഹ ശേഷം കോഴിക്കോട് താമരശ്ശേരിയിലേക്ക് താമസം മാറിയതിനു ശേഷം ഈ നാടുമായി ഇയാള്‍ ബന്ധമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ഇയാളുടെ സഹോദരങ്ങള്‍ മോങ്ങത്തു താമസിക്കുന്നുമുണ്ട്. മൂന്നര വര്‍ഷം മുമ്പ് ഖത്തറിലേക്കു പോയ ഇയാള്‍ കുടുംബവുമായി യാതൊരുവിധ ബന്ധവും പുലര്‍ത്തുന്നില്ലെന്ന് പോലീസിനോട് ഭാര്യ മൊഴി നല്‍കി. ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. ഇതില്‍ മകളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ മഞ്ചേരി സ്റ്റേഷനിലെ മോഷണ കേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെന്ന് പോലീസി പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ബ്ലേഡുകാര്‍ക്ക് അടവ് തെറ്റിയ വാഹനങ്ങള്‍ പിടികൂടി എത്തിച്ചു നല്‍കുന്ന ക്വട്ടേഷന്‍ ടീമിലും ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ക്ക് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ചതിനു ശേഷം ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ സി ഐ എം.യു ബാലകൃഷ്ണന്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് 24 മണിക്കൂറിനകം ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി ഫോണ്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയ അന്വേഷണത്തില്‍ ഭീഷണി ഫോണ്‍ വന്നത് ഖത്തറില്‍ നിന്നായിരുന്നെന്ന് മണിക്കൂറുകള്‍ക്കകം കണ്ടെത്തിയിരുന്നു. കോഴിക്കോട് പാസ്‌പോര്‍ട് സെല്ലിന്റെ സഹായത്തോടു കൂടിയ അന്വേഷണത്തിലാണ് പ്രതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

 

---- facebook comment plugin here -----

Latest