400പാസ്‌പോര്‍ട്ടുകളുമായി ജീവനക്കാരന്‍ മുങ്ങി

Posted on: July 22, 2015 6:00 pm | Last updated: July 22, 2015 at 6:19 pm
SHARE

ദുബൈ: മേലുദ്യോഗസ്ഥനുമായുണ്ടായ അഭിപ്രായ വ്യത്യാസം കാരണം ജോലി നഷ്ടമായ യുവാവ് പ്രതികാരം ചെയ്തത് ഏറെ വിചിത്രമായി!. തന്റെ കസ്റ്റഡിയിലുള്ള, സ്ഥാപനത്തിലെ 400 ജോലിക്കാരുടെ പാസ്‌പോര്‍ട്ടുകളുമായി സ്വദേശത്തേക്ക് മുങ്ങിയാണ് ജീവനക്കാരന്‍ സ്ഥാപനത്തോട് കണക്കുതീര്‍ത്തത്.
ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ജോലിക്കാരുള്ള സ്ഥാപനത്തിലെ ജീവനക്കാരനാണ് സ്ഥാപനത്തെ ശരിക്കും വെള്ളം കുടിപ്പിച്ചത്. സ്ഥാപനത്തിന്റെ മാനവ വിഭവ (എച്ച് ആര്‍) വിഭാഗത്തില്‍ ജോലി ചെയ്തുവന്നിരുന്ന ആഫ്രിക്കന്‍ രാജ്യക്കാരനായ യുവാവാണ് തന്റെ മാനേജരുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ ജോലി നഷ്ടപ്പെട്ടതിനാല്‍ പ്രകോപിതനായി പ്രതികാരം ചെയ്തത്.
ഇയാളുടെ നിയന്ത്രണത്തിലുള്ള ഓഫീസിലെ പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ച വിവിധ രാജ്യക്കാരായ ജോലിക്കാരുടെ പാസ്‌പോര്‍ട്ടുകളുമായാണ് ഇയാള്‍ നാടുവിട്ടത്. ആഫ്രിക്കകാരന്‍ മുങ്ങിയതിനു പിന്നാലെ ഓഫീസ് മാനേജര്‍ പാസ്‌പോര്‍ട്ടു പെട്ടി തുറന്നു നോക്കിയപ്പോഴാണ് പ്രതികാരം ബോധ്യപ്പെട്ടത്. കമ്പനി അധികൃതര്‍ ഉടനെ പോലീസില്‍ പരാതിയുമായെത്തിയെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കക്ഷി നാടുവിട്ടെന്ന വിവരമായിരുന്നു പോലീസ് അറിയിച്ചത്.
ദിവസങ്ങള്‍ക്കുശേഷം മുങ്ങിയ ജോലിക്കാരന്‍ താന്‍ നാട്ടിലെത്തിയെന്നും പാസ്‌പോര്‍ട്ടുകള്‍ തന്റെ കയ്യില്‍ സുരക്ഷിതമാണെന്നും അറിയിച്ചുകൊണ്ട് കമ്പനി മാനേജര്‍ക്ക് ഇ-മെയില്‍ സന്ദേശം അയക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് ഒന്നിന് 500 ഡോളര്‍ വീതം തന്റെ ബേങ്ക് എക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പാസ്‌പോര്‍ട്ടുകള്‍ കൃത്യമായി തിരിച്ചെത്തിക്കാന്‍ ഏര്‍പാടാക്കാമെന്നുമുള്ള വിശാലമനസ്‌കതയും ഇയാള്‍ ഇ-മെയിലിലൂടെ അറിയിച്ചു. തന്റെ സ്വദേശത്തെ ബേങ്ക് അക്കൗണ്ട് നമ്പര്‍ കാണിച്ച ഇ-മെയിലില്‍, പണം കൈപ്പറ്റിയാല്‍ കിട്ടിയ സംഖ്യയുടെ കണക്കനുസരിച്ചുള്ള പാസ്‌പോര്‍ട്ടുകള്‍ സ്പീഡ് പോസ്റ്റ് വഴി അയച്ചുതരാമെന്ന് വാഗ്ദാനവുമുണ്ട്. ആഫ്രിക്കയിലെത്തിയ പാസ്‌പോര്‍ട്ടിന്റെ ഉടമകളില്‍ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്.