നിര്‍മാണം പൂര്‍ത്തീകരിച്ച് 15 ദിവസത്തിനകം റോഡ് തകര്‍ന്നു

Posted on: July 22, 2015 3:29 pm | Last updated: July 22, 2015 at 3:29 pm
SHARE

കൊണ്ടോട്ടി: നാല് വര്‍ഷക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും ദുരിതപൂര്‍ണമായിരുന്ന പുളിക്കല്‍-വലിയപറമ്പ് പി ഡബ്ലിയു ഡി റോഡ് നന്നാക്കി 15 ദിവസത്തിനകം തകര്‍ന്നു. അശാസ്ത്രീയമായി അഴുക്കുചാല്‍ നിര്‍മിച്ചതിനാല്‍ വലിയപറമ്പ് അലക്ക്പറമ്പ് അങ്ങാടിയില്‍ മഴവെള്ളം കെട്ടിനില്‍ക്കുകയാണ്. ഇതിനെതിരെ വ്യാപാരികളും നാട്ടുകാരും അധികൃതര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ മെയ് 24നാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയായത്. അതേ സമയം ജൂണ്‍ 15 ആയപ്പോഴേക്കും റോഡില്‍ പല ഭാഗങ്ങളിലും തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരുന്നു.
ആലുങ്ങല്‍ വില്ലേജ് ഓഫീസിന് സമീപത്തും സ്വാമി മഠം കയറ്റത്തിലും വലിയപറമ്പ് പള്ളിപീടികക്കകത്തും റോഡില്‍ കുഴികളായിട്ടുണ്ട്. ടാറിംഗിലെ അഴിമതിയാണ് റോഡ് ഇത്രയും കുറഞ്ഞ കാലയളവില്‍ തകരാനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. താഴ്ന്ന ഭാഗത്ത് വെള്ളം കെട്ടി നിന്ന് പരിസരത്തെ കടകളിലേക്ക് വെള്ളം കയറുകയാണ്. നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കൊണ്ടോട്ടി പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനിയര്‍ക്ക് പരാതി നല്‍കി.