കോട്ടൂളിയിലെ വിദേശ മദ്യ വില്‍പ്പനശാല; വനിതാകമ്മീഷനില്‍ പരാതിയുമായി വീട്ടമ്മമാര്‍

Posted on: July 22, 2015 3:26 pm | Last updated: July 22, 2015 at 3:26 pm
SHARE

കോഴിക്കോട്: കോട്ടൂളിയിലെ വിദേശ മദ്യവില്‍പ്പനശാലക്കെതിരെ ഒരു കൂട്ടം അമ്മമാര്‍ വനിതാകമ്മീഷനില്‍ പരാതിയുമായെത്തി. റെസിഡന്റ്‌സ് അസോസിയേഷനിലെ വീട്ടമ്മമാരാണ് കോട്ടൂളിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യശാലക്കെതിരെ പരാതി നല്‍കിയത്.
മദ്യശാലയുടെ പ്രവര്‍ത്തനം മൂലം വഴിനടക്കുന്നതിനും പരിസരത്ത് താമസിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. 2010-ല്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ പരാതി നല്‍കിയിരുന്നു.
സുതാര്യകേരളം വഴി നല്‍കിയ പരാതിയില്‍ മദ്യവില്‍പ്പനശാലയുടെ പശ്ചാത്തലം മനസ്സിലാവുകയും, തുടര്‍ന്ന് മദ്യശാല മാറ്റി സ്ഥാപിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതി നല്‍കി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടികള്‍ പോലും അധികൃതര്‍ എടുത്തില്ലെന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. തുടര്‍ന്നാണ് വനിതാകമ്മീഷനില്‍ പരാതിയുമായി വീട്ടമ്മമാര്‍ എത്തുന്നത്.
മദ്യശാലയുടെ പ്രവര്‍ത്തനം വളര്‍ന്നുവരുന്ന കുട്ടികളെ ബാധിക്കുന്ന സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. കൂടാതെ ഈ പ്രദേശത്ത് വൈകുന്നേരങ്ങളില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു മൂലം പ്രദേശവാസികള്‍ പുറത്തിറങ്ങാറില്ലെന്നുമാണ് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നത്. പരാതി സ്വീകരിച്ച വനിതാകമ്മീഷന്‍ പരാതി ഫുള്‍സിറ്റിംഗിലേക്ക് മാറ്റി.
കൊയിലാണ്ടി താലൂക്കില്‍ നിന്നാണ് കൂടുതല്‍ പരാതി വനിതാ കമ്മീഷനില്‍ കിട്ടിയിരിക്കുന്നത്. ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ കമ്മീഷനില്‍ എത്തിയിരുന്നു. രണ്ടുമാസം മുമ്പ് കാണാതായ ഭര്‍ത്താവിനെക്കുറിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടാവാത്തതിനെത്തുടര്‍ന്നാണ് ഭാര്യ കമ്മീഷനില്‍ പരാതിയുമായെത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്ന് വനിതാകമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബിനാ റഷീദ പറഞ്ഞു. കൂടാതെ പഞ്ചായത്തുകള്‍ തോറും ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നതിന് ശില്‍പ്പശാലകള്‍ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആകെ 55 പരാതികളാണ് കമ്മീഷനില്‍ എത്തിയത്. അതില്‍ 30 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതി ഫുള്‍സിറ്റിംഗിലേക്ക് മാറ്റി.