Connect with us

National

അതിരപ്പിള്ളി പദ്ധതിക്ക് ജല കമ്മീഷന്റെ പച്ചക്കൊടി

Published

|

Last Updated

ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. അണക്കെട്ട് നിര്‍മിക്കാനാവശ്യമായ വെള്ളം ചാലക്കുടിപ്പുഴയില്‍ ഉണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത.് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നീരൊഴുക്ക് അതിരപ്പിള്ളിയിലുണ്ടെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയെ കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. പദ്ധതിക്കെതിരായ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിന് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 7.56 ക്യുബിക് മീറ്റര്‍ ജലമാണ് അതിരപ്പിള്ളിയില്‍ ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദനത്തിന് 6.25 ക്യുബിക് മീറ്റര്‍ ജലം മതിയാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2002 മുതല്‍ 2013 വരെയുള്ള വെള്ളത്തിന്റെ അളവ് പരിശോധിച്ച ശേഷമാണ് ആവശ്യമായ വെള്ളമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയത്.
പദ്ധതിക്ക് നേരത്തെ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിസ്ഥിതി സംഘടനകള്‍ പദ്ധതിക്കെതിരെ രംഗത്തുവന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ യു പി എ സര്‍ക്കാറാണ് പദ്ധതി താത്കാലികമായി നിര്‍ത്തിവെച്ചത്.
നദിയില്‍ ആവശ്യത്തിന് നീരൊഴുക്കില്ലെന്നും അതിനാല്‍ അണക്കെട്ട് നിര്‍മാണം പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നും പദ്ധതി പ്രദേശം അപൂര്‍വ ജൈവ വൈവിധ്യ മേഖലയാണെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ പരിസ്ഥിതിക്ക് ഭീഷണിയാകുമെന്നുമായിരുന്നു പരിസ്ഥിതി സംഘടനകളുടെ വാദം. എന്നാല്‍, അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് മലമുഴക്കി വേഴാമ്പല്‍ മാത്രമാണുള്ളതെന്നും അപൂര്‍വ ജൈവ വൈവിധ്യങ്ങളൊന്നും തന്നെ ഇല്ലെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സി കണ്ടെത്തിയിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ നിലപാട് പദ്ധതിക്ക് അനുകൂലമായതോടെ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും താമസിയാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Latest