മഹാരാജാക്കന്മാരല്ല, നമ്മുടെ ജനാധിപത്യ നേതാക്കള്‍

Posted on: July 22, 2015 5:08 am | Last updated: July 21, 2015 at 9:11 pm
SHARE

rupee chairഒന്‍പത് പ്രൈവറ്റ് സെക്രട്ടറിമാര്‍, 27 ഡ്രൈവര്‍മാര്‍, 64 തൂപ്പുജോലിക്കാര്‍, എട്ട് ടെലിഫോണ്‍ ഓപറേറ്റര്‍മാര്‍ തുടങ്ങി 754 ജീവനക്കാര്‍. ഇവര്‍ക്ക് ശമ്പളയിനത്തില്‍ ഒരു വര്‍ഷം നല്‍കുന്നത് 118.36 കോടി. ടെലിഫോണ്‍ബില്‍ തുക 5.06 ലക്ഷം. വിവിധ കാര്യങ്ങള്‍ക്കായി ഒരു വര്‍ഷം ചെലവിടുന്ന അലവന്‍സ് 41.96 കോടി.
ഏതെങ്കിലുമൊരു വന്‍ കമ്പനിയുടെ പ്രവര്‍ത്തന ചെലവല്ല നടേപറഞ്ഞത്. ജനാധിപത്യ ഇന്ത്യയുടെ പ്രഥമ പൗരനും കുടുംബവും മാത്രം താമസിക്കുന്ന രാഷ്ട്രപതി ഭവന്റെ പ്രവര്‍ത്തന ചെലവാണ്. രാഷ്ട്രപതി ഭവന്റെ ചെലവിനെക്കിറിച്ചു അന്വേഷിച്ച് വിവരാകാശ നിയമ പ്രകാരം മുംബൈ സ്വദേശി ദര്‍വേശ് നല്‍കിയ അപേക്ഷക്കുള്ള മറുപടിയില്‍ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഈ വിവരം വെളിപ്പെടുത്തിയത്. ജനങ്ങളില്‍ പകുതിയോളം ദാരിദ്ര്യരേഖക്ക് താഴെ അരപ്പട്ടിണിയിയും മുഴുപ്പട്ടിണിയിലുമായി കഴിയുന്ന രാജ്യത്താണ്, സോഷ്യലിസത്തെയും സാമൂഹിക നീതിയെയും കുറിച്ചു വാചാലനാകാറുള്ള വിനീതനായ പ്രഥമ പൗരന്‍ പ്രണാബ് മുഖര്‍ജിക്കും കുടുംബത്തിനും വേണ്ടി പൊതുഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിക്കുന്നത്.
ഇതിനേക്കാള്‍ വലിയ ധൂര്‍ത്തായിരുന്നു മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെത്. തന്റെ കാലവയളവില്‍ വിദേശ യാത്രക്ക് വേണ്ടി മാത്രം പൊതുഫണ്ടില്‍ നിന്ന് അവര്‍ ചെലവിട്ടത് 205 കോടിയായിരുന്നു. ഈ രംഗത്ത് പ്രതിഭയെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വിദേശ യാത്രയെക്കുറിച്ച് വിവരം നല്‍കാന്‍ പോലും മോദിയുടെ ഓഫീസ് തയ്യാറായിരുന്നില്ല കഴിഞ്ഞ വര്‍ഷം. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശങ്ങള്‍ക്കും കാരണമായിരുന്നു.
ഒബാമയുടെ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി 10 ലക്ഷം രൂപയുടെ കോട്ട് ധരിച്ചത് ലോകതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെടുകയുണ്ടായി. പട്ടിണിപ്പാവങ്ങളുടെ രാജ്യത്ത് ഒരു കോട്ടിന് മാത്രമായി ഇത്രയും തുക ചെലവഴിച്ചതിനെ വിദേശ മാധ്യമങ്ങള്‍ കണക്കിനു പരിഹസിച്ചു. രാഷ്ട്രപതിയെ കടത്തിവെട്ടുന്ന ധൂര്‍ത്ത് പ്രധാനമന്ത്രിയുടെ നടപടികളിലും കാണാം.
ചരിത്രത്തിലെ ധൂര്‍ത്തന്മാരായ രാജാക്കന്മാരെ ഓര്‍മിപ്പിക്കുന്ന വിധം പൊതുഫണ്ട് ഉപയോഗിച്ച് അത്യാഡംബര ജീവിതം നയിക്കുന്നവരാണ് എളിയ ജനസേവകര്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ജനപ്രതിനിധികളില്‍ പലരും. അരവിന്ദ് കെജ്‌രിവാളിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി പദത്തിലിരുന്ന ഷീലാ ദീക്ഷിത് തന്റെ നാല് കിടപ്പുമുറികളുള്ള മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചിരുന്നത് 31 എയര്‍കണ്ടീഷനുകളായിരുന്നു. കൂടാതെ 25 ഹീറ്ററുകളും 15 കൂളറുകളും. അവരുടെ ആവശ്യപ്രകാരം ബംഗ്ലാവിന്റെ വൈദ്യുതീകരണത്തിനായി മാത്രം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചെലവാക്കിയത് 17 ലക്ഷം രൂപയാണ്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനമാണ് ഡല്‍ഹി. പ്രതിസന്ധിയെ അതിജീവിക്കാന്‍ വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറക്കാനാണ് നേതാക്കള്‍ ജനങ്ങളെ ഉപദേശിക്കാറ്. എന്നാല്‍ അവര്‍ക്കിതൊന്നും ബാധമല്ല. പൊതുഖജനാവ് കൊള്ളയടിക്കാനും ദുരുപയോഗം ചെയ്യാനുമുള്ള അവസരമാണ് അവര്‍ക്ക് ഭരണം.
ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഷീലാ ദീക്ഷിത് ഉപയോഗിച്ചിരുന്ന മന്ത്രിമന്ദിരത്തില്‍ താമസിക്കുന്നത്. മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ ഔദ്യോഗിക ഭവനം വൈദ്യുതി ബില്‍, വെള്ളക്കര മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് ഡല്‍ഹി സര്‍ക്കാര്‍. കൂടാതെ പ്രതിപക്ഷ നേതാവിന്റെ പ്രത്യേകാനുകൂല്യങ്ങളൊക്കെ മുന്‍ പ്രധാനമന്ത്രിക്കുമുണ്ടായിരിക്കും. 14 പേരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാം. 6000 രൂപ പോക്കറ്റ് മണിയായി പ്രതിമാസം നല്‍കുകയും ചെയ്യും.
കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിത പ്രാരാബ്ധങ്ങളെ ചൊല്ലി കണ്ണീരൊഴുക്കുന്നവരാണല്ലോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. അവരുടെ ഔദ്യോഗിക വസതികളിലെ അത്യാഡംബരങ്ങളെക്കുറിച്ചറിയണ്ടേ? സോണിയയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥില്‍ 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ ആഡംബര ലൈറ്റുകളും എ സികളും അടക്കമുളള ഉപകരണങ്ങള്‍ മാറ്റിവെക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 51. 43 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരു മെട്രോ നഗരത്തില്‍ അത്യാവശ്യം സൗകര്യമുളള ഒരു വീട് വാങ്ങാനുളള തുക വരുമിത്. തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ വസതിയില്‍ 7,82 ലക്ഷത്തിന്റെയും അതിന് മുമ്പത്തെ വര്‍ഷം 2,65 ലക്ഷത്തിന്റെയും ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തതാണ്. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ക്ക് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ചെലവായത് 3.80 ലക്ഷം രൂപയാണ്.
ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം. ലളിത ജീവിതം നയിച്ച മഹാത്മാ ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്ന ഇവര്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഈ രാജകീയ സൗകര്യങ്ങളൊരുക്കുന്നതും അത്യാഡംബര ജീവിതം നയിക്കുന്നതും. സാമൂഹിക സമത്വം ഉറപ്പ് നല്‍കുന്ന ഒരു ഭരണഘടക്ക് കീഴില്‍ ഇതെങ്ങനെ ന്യായീകരിക്കാനാകും? പബ്ലിസിറ്റിക്കും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി ഏതെങ്കിലുമൊരു ദിവസം ഒരു ആദിവാസിയുടെ വീട്ടില്‍ കയറിയിറങ്ങിയത് കൊണ്ടോ സാധാരണക്കാരുടെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചത് കൊണ്ടോ ജനസേവകരാകില്ല. ജീവിതത്തില്‍ എളിമയും ലാളിത്യവും മിതവ്യയവുമാണ് ഒരു നല്ല നേതാവിന്റെ മാതൃക.
ജനപ്രതിനിധികള്‍ക്ക് നിയമനിര്‍മാണ സഭക്ക് പുറത്ത് പ്രത്യേക പരിരക്ഷക്ക് അര്‍ഹതയില്ലെന്ന് ഇതിനിടെ സുപ്രീം കോടതി വിധിച്ചിരുന്നു. നിയമനിര്‍മാണപരമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതിനാലാണ് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും സഭക്ക് പുറത്ത് അവര്‍ സാധാരണ പൗരന്മാരെപ്പോലെയാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഈ അടിസ്ഥാനത്തില്‍ അവര്‍ക്കുള്ള പ്രത്യേക പരിരക്ഷയോടൊപ്പം സഭക്ക് പുറത്ത് അനുവദിച്ച പ്രത്യേക അവകാശങ്ങളും എടുത്തുകളയേണ്ടതല്ലേ? അല്ലെങ്കില്‍ അവ ചുരുക്കുകയെങ്കിലും വേണ്ടേ?
ഭരണാധികാരിയെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ പൊതുസ്വത്തിന്റെ കാര്യത്തില്‍ തുല്യത പാലിക്കുമ്പോഴേ യഥാര്‍ഥ സാമൂഹികനീതി നടപ്പാകുകയുള്ളു. മുസ്‌ലിം ഖലീഫമാരുടെ ചരിത്രം ഇക്കാര്യത്തില്‍ ആധുനിക ലോകത്തിന് മാതൃകയാകേണ്ടതാണ്. മദീനക്ക് സമീപം സനഹിലായിരുന്നു ഇസ്‌ലാമിന്റെ പ്രഥമ ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ വീട്. മദീനയിലെ സാധാരണക്കാരുടെ വീടിന് തുല്യം ഒരു ചെറിയ വീട്. ഖലീഫയായ ശേഷം അദ്ദേഹം ആ വീട് മാറുകയോ ഭരണാധികാരി എന്ന നിലയില്‍ പൊതുഖജനാവില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയോ ചെയ്തില്ല. സനഹില്‍ നിന്ന് അദ്ദേഹം ഔദ്യാഗിക ആവശ്യാര്‍ഥം മദീനയിലേക്ക് വന്നിരുന്നത് കാല്‍നടയായിട്ടായിരുന്നു. അപൂര്‍വമായി കുതിരപ്പുറത്ത് യാത്ര നടത്താറുണ്ടായിരുന്നെങ്കിലും അത് സ്വന്തം മൃഗത്തെ ഉപയോഗിച്ചു മാത്രവും. പൊതുസ്വത്തില്‍ നിന്നുള്ള വാഹനം ഉപയോഗിച്ചിരുന്നില്ല. കാലാന്തരത്തില്‍ ഭരണ കര്‍ത്തവ്യങ്ങള്‍ വര്‍ധിച്ചപ്പോഴാണ് അദ്ദേഹം മദീനാ പട്ടണത്തിലേക്ക് താമസം മാറ്റിയത്.
ഖലീഫയായപ്പോള്‍ തന്റെ ജീവിതോപാധിയായിരുന്ന കച്ചവടത്തിന് പോകാന്‍ സാധ്യമാകാതെ വന്നപ്പോള്‍, ജനങ്ങള്‍ കൂടിയാലോചിച്ചു പൊതുഫണ്ടില്‍ നിന്ന് ചെറിയൊരു തുക അബൂബക്കര്‍ സിദ്ദീഖിന് അനുവദിച്ചിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും കഷ്ടിച്ചു ജീവിക്കാനാവശ്യമായ ഒരു തുക. എന്നിട്ടും ഇതിന് അല്ലാഹുവിന്റെ മുമ്പില്‍ സമാധാനം പറയേണ്ടി വരുമല്ലോ എന്ന ചിന്തയാല്‍ തന്റെ സ്ഥാവരസ്വത്തുക്കളും കിടപ്പാടവും വിറ്റ്, പൊതുഫണ്ടില്‍ നിന്ന് താന്‍ അനുഭവിച്ചതിന് തുല്യമായ തുക തിരിച്ചടക്കാന്‍ അദ്ദേഹം മരണത്തിനു മുമ്പ് വസിയ്യത്ത് ചെയ്തിരുന്നു. ഈ സ്വത്തുക്കളെല്ലാം അടുത്ത ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഉമറിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഉമര്‍ കരഞ്ഞുപോയി. തന്റെ മുന്‍ഗാമിയുടെ സൂക്ഷ്മത ആലോചിച്ചുകൊണ്ട്.
ഒരു ഭരണാധികാരിയെന്ന നിലയില്‍ പൊതുഫണ്ടില്‍ നിന്ന് താങ്കള്‍ക്കനുവദിച്ചതെന്തെല്ലാമാണെന്ന് ഉമര്‍ (റ)വിന്റെ ഭരണ കാലത്ത് ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ”വര്‍ഷത്തില്‍ രണ്ട് വസ്ത്രം. ഒന്ന് ഉഷ്ണ കാലത്തേക്കും മറ്റേത് ശൈത്യ കാലത്തേക്കും. ഒരു വാഹനവും എനിക്കും കുടുംബത്തിനുമുള്ള ഭക്ഷണവും. മറ്റു കാര്യങ്ങളില്‍ ഒരു സാധാരണക്കാരനെ പോലെ തന്നെയാണ് ഞാനും”
ഖലീഫയായിരിക്കെ ഉമര്‍ രോഗബാധിനായി. തേനാണ് വൈദ്യന്മാര്‍ പ്രതിവിധിയായി നിര്‍ദേശിച്ചത്. അദ്ദേഹത്തിന്റെ കൈവശം തേനില്ല. പൊതു ഫണ്ടില്‍ തേനുണ്ടെങ്കിലും സ്വയേഷ്ടം അദ്ദേഹം അത് ഉപയോഗിച്ചില്ല. പ്രസംഗ മധ്യേ ജനങ്ങളോട് അദ്ദേഹം ചോദിച്ചു. എനിക്ക് അല്‍പം തേന്‍ ആവശ്യമുണ്ട്. നിങ്ങള്‍ അനുമതി നല്‍കുന്നപക്ഷം പൊതുഫണ്ടില്‍ നിന്ന് ഞാന്‍ അതെടുക്കും. അല്ലെങ്കില്‍ എനിക്കത് നിഷിദ്ധമാണ്. ജനങ്ങള്‍ അദ്ദേഹത്തിന് അനുമതി നല്‍കി. ശേഷമാണ് അദ്ദേഹം അത് ഉപയോഗിച്ചത്.
ഇതാണ് യഥാര്‍ഥ സാമൂഹിക നീതി. ഇസ്‌ലാമിന് മാത്രമേ ഇത് നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളു. ഇതുകൊണ്ട് തന്നെയാണ് ഉമര്‍ (റ)വിന്റെ ഭരണമാണ് ഇന്ത്യയില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് ഗാന്ധിജിക്ക് പറയേണ്ടി വന്നതും. ഇസ്‌ലാമിക വ്യവസ്ഥയുടെ നാലയലത്ത് എത്തില്ലെങ്കിലും നമ്മുടെ ജനായത്ത വ്യവസ്ഥക്കുമുണ്ട് സാമൂഹിനീതിയെക്കുറിച്ചു ചില വീക്ഷണങ്ങളും സങ്കല്‍പങ്ങളും. അത് പക്ഷേ കേവല തത്വങ്ങളില്‍ ഒതുങ്ങുകയാണ്. പ്രയോഗികവത്കരിക്കുന്നില്ല. മുസ്‌ലിം ഖലീഫമാരെ പോലെ അധികാരം ജനസേവനത്തിനുള്ള ഒരവസരമായി കാണാനുള്ള പ്രജാക്ഷേമ തത്പരതയും ധാര്‍മിക ബോധവും കൈവരുമ്പോള്‍ മാത്രമേ അത് സാധ്യമാകുകയുള്ളു.