വ്യാപം അഴിമതി: പാര്‍ട്ടിയുടെ മുഖഛായക്ക് കളങ്കം ഉണ്ടാക്കിയെന്ന് ബി ജെ പി എം പി

Posted on: July 21, 2015 3:24 pm | Last updated: July 22, 2015 at 12:15 am
SHARE

Shanta copy
ന്യൂ ഡല്‍ഹി: ആരോപണങ്ങളില്‍ മുങ്ങി ഉഴലുന്ന കേന്ദ്ര സര്‍ക്കാറിന് ബി ജെ പി. എം പിയും മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ ശാന്തകുമാറിന്റെ കത്ത്. വ്യാപം അഴിമതിക്കേസ് പാര്‍ട്ടിയുടെ മുഖഛായക്ക് കളങ്കം ഉണ്ടാക്കിയെന്നും അടുത്തിയയുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചെന്നുമാണ് ശാന്തകുമാര്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ച കത്തില്‍ പറയുന്നത്. അഴിമതി ഇല്ലാതാക്കാന്‍ എത്തിക്‌സ് കമ്മിറ്റി രൂപീകരിക്കണം എന്നും 80 കാരനായ മുന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയില്‍ നിന്നുള്ള എം പിയാണ് ശാന്തകുമാര്‍.
ബിജെപിയുടെ യാത്ര വളരെ വലുതാണ്. നിരവധി കാര്യങ്ങള്‍ നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതില്‍ അണികള്‍ വലിയ അഭിമാനിതരും ആയിരുന്നു. എന്നാല്‍ നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടായി. ഇത് പാര്‍ട്ടി അണികളെ വേദനിപ്പിച്ചുവെന്നും ശാന്തകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
രാജസ്ഥാന്‍ മുതല്‍ മഹാരാഷ്ട്ര വരെ ജനങ്ങള്‍ നമ്മുടെ നേരെ വിരല്‍ ചൂണ്ടുന്ന അവസ്ഥ വന്നിരിക്കുകയാണ്. ആരോപണങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണ്. ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ഈ അവസ്ഥയെ അഭിമുഖീകരിക്കാന്‍ കഴിയാതായിട്ടുണ്ടെന്നും ശാന്തകുമാര്‍ ചൂണ്ടിക്കാട്ടി.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെയും മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെയെയും പരോക്ഷമായി വിമര്‍ശിച്ചാണ് ശാന്തകുമാര്‍ കത്ത് എഴുതിയിരിക്കുന്നത്. ലളിത് മോദിയുമായി ബന്ധപ്പെട്ടാണ് വസുന്ധരക്കെതിരെ വിവാദമുണ്ടായതെങ്കില്‍ സര്‍ക്കാര്‍ കരാറുകള്‍ നിയമവിരുദ്ധമായി നല്‍കി എന്നാണ് ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെക്കെതിരെയുള്ള ആരോപണം. അതേസമയം മോദിയുടെ ഗുജറാത്ത് മോഡല്‍ ഭരണത്തെ കത്തില്‍ ശാന്തകുമാര്‍ പ്രശംസിക്കുകയും ചെയ്തു.
തന്റെ കാഴ്ചപ്പാടുകളാണ് കത്തിലൂടെ അമിത് ഷായെ അറിയിച്ചത്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശാന്തകുമാര്‍ വ്യക്തമാക്കി. ഹിന്ദിയില്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് അദ്ദേഹം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, കത്ത് പരസ്യമായതിനെ തുടര്‍ന്ന് ശാന്തകുമാറിനെ പാര്‍ട്ടി താക്കീത് ചെയ്തു.