Connect with us

International

ഫലസ്തീനിലെ കുട്ടികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ കൊടും ക്രൂരത

Published

|

Last Updated

ജറൂസലം: ഫലസ്തീനിലെ നിരപരാധികളായ കുട്ടികളെ അനധികൃതമായി പിടികൂടി ഇസ്‌റാഈല്‍ സൈന്യം മനുഷ്യത്വവിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടന. 11 വയസ്സുള്ള കുട്ടികളെ പോലും പിടികൂടി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
എവിടെ നിന്നാണ് കുട്ടികളെ അറസ്റ്റ് ചെയ്തതെന്ന് പോലും ഇസ്‌റാഈല്‍ സൈന്യം കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാറില്ല. ഇത്തരത്തില്‍ നൂറുകണക്കിന് ഫലസ്തീന്‍ കുട്ടികളെ കിഴക്കന്‍ ജറൂസലമില്‍ നിന്നും വെസ്റ്റ് ബേങ്കില്‍ നിന്നും ഇസ്‌റാഈല്‍ സൈന്യം സംഘര്‍ഷങ്ങള്‍ മുതലെടുത്ത് പിടികൂടാറുണ്ട്. ദീര്‍ഘകാലമായി ഇസ്‌റാഈല്‍ സൈന്യം ഈ കിരാത നടപടി തുടരുകയാണെന്നും ഇസ്‌റാഈലിന്റെ സഖ്യ രാജ്യമായ അമേരിക്ക ഇതിനെതിരെ സമ്മര്‍ദം ചെലുത്തണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെടുന്നു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഇസ്‌റാഈലിലേക്കുള്ള സന്ദര്‍ശനം ആരംഭിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
ഫലസ്തീനിലെ കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ ഇസ്‌റാഈല്‍ സൈന്യം ഹീനമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്നും സംഘടന തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളെ ശ്വാസംമുട്ടിക്കുക, ഇവര്‍ക്ക് നേരെ ഗ്രനേഡ് എറിയുക, കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാക്കുക, അഭിഭാഷകരുടെയോ രക്ഷിതാക്കളുടെയോ സാന്നിധ്യത്തിലല്ലാതെ ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക, ഇവരെ എവിടെ നിന്ന് അറസ്റ്റ് ചെയ്‌തെന്നോ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നോ രക്ഷിതാക്കളെ അറിയിക്കാതിരിക്കുക തുടങ്ങിയ മനുഷ്യത്വവിരുദ്ധ ക്രൂരതകളാണ് ഇസ്‌റാഈല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ കുറിച്ച് എ എഫ് പി ഇസ്‌റാഈല്‍ അധികൃതരോട് അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
കിഴക്കന്‍ ജറൂസലമില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത 11 കാരനായ റാശിദ് എസ് കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. തലക്ക് മീതെ ബാഗ് കയറ്റിവെക്കുക, ക്രൂരമായി ചവിട്ടുക, അറബിയില്‍ ചീത്ത വാക്കുകള്‍ പ്രയോഗിക്കുക തുടങ്ങിയതെല്ലാം റാശിദ് അനുഭവിക്കേണ്ടി വന്നു. ഗാസക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ യുദ്ധത്തിന് ശേഷം സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു എന്നതാണ് ഈ കുട്ടി ചെയ്ത കുറ്റം.

Bloody_child
ജൂത കുടിയേറ്റക്കാര്‍ ഉപയോഗിക്കുന്ന റോഡിലേക്ക് കല്ലെറിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വെസ്റ്റ്‌ബേങ്കിലെ 14 കാരിയായ മലക് അല്‍ കാതിബയെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തത്. നാല് സൈനികര്‍ ചേര്‍ന്ന് തന്റെ മകളെ ബോധം നഷ്ടപ്പെടുന്നത് വരെ അടിച്ചതായും ബോധം നഷ്ടപ്പെട്ട് തറയില്‍ വീണു കിടന്നപ്പോള്‍ ഒരു സൈനികന്‍ കഴുത്തില്‍ കാല് വെച്ച് അമര്‍ത്തിയതായും ഈ കുട്ടിയുടെ മാതാവ് സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ തന്നെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഇത്തരത്തിലുള്ള മനുഷ്യത്വ വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് രക്ഷിതാക്കളുമായോ അഭിഭാഷകരുമായോ സംസാരിക്കാന്‍ പോലും അനുവദിക്കാതെയാണ് ഇസ്‌റാഈല്‍ സൈന്യം ക്രൂരത തുടരുന്നതെന്ന് മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞ എല്ലാ സംഭവങ്ങളും വ്യക്തമാക്കുന്നു.