സി പി എം ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Posted on: July 21, 2015 9:54 am | Last updated: July 21, 2015 at 9:54 am
SHARE

മലപ്പുറം: സി പി എം നിലമ്പൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ പി ടി ഉമ്മറിനെ ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്താക്കിയതായി സൂചന. ഇതോടൊപ്പം നിലമ്പൂരില്‍ വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സി പി എം നഗരസഭാ കൗണ്‍സിലറും ഡി വൈ എഫ് ഐ ബ്ലോക്ക് നേതാവുമായ പി എം ബശീറിനെ സി പി എമ്മിന്റെ അംഗത്വം അടക്കമുള്ള എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. വിമത പ്രവര്‍ത്തനത്തില്‍ ബശീറിനൊപ്പം പങ്കാളിയായതിന് വി എസ് സുധാകരന്‍, പ്രകാശ് എന്നിവരെ ശാസിക്കാനും ജില്ലാ കമ്മറ്റി തീരുമാനിച്ചതായാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഏരിയാകമ്മറ്റി തെരെഞ്ഞെടുപ്പിന് ശേഷമാണ് സി പി എം നിലമ്പൂരില്‍ ചേരി തിരിഞ്ഞ് സംഘടനാ പ്രവര്‍ത്തനം നടത്തിയത്.
ഏരിയാ കമ്മറ്റി തിരഞ്ഞെടുപ്പില്‍ പരസ്യമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും പുതിയ ഏരിയാ സെക്രട്ടറിക്കുവേണ്ടി അവിഹിത ഇടപെടല്‍ ഉണ്ടായെന്നും ആക്ഷേപമുയര്‍ന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ നടന്ന ഇ എം എസിന്റെ ലോകം സെമിനാര്‍ സംഘടിപ്പിച്ചതിലും സാമ്പത്തിക ക്രമക്കേട് നടത്തിയതായി അന്നത്തെ ഏരിയാ സെക്രട്ടറിക്കെതിരെയും പരാതിയുമുയര്‍ന്നു. ജില്ലാകമ്മിറ്റിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മോഹന്‍ദാസും ജില്ലാ കമ്മറ്റി അംഗം അനിലും ചേര്‍ന്ന കമ്മറ്റിയാണ് നിലമ്പൂരിലെ പരാതികള്‍ അന്വേഷിച്ചത്. വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പി എം ബശീറിനെതിരെ ഗുരുതര ആരോപണങ്ങള്‍ മറു വിഭാഗവും ആരോപിച്ച് പരാതി നല്‍കി. ഇരു വിഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച കമ്മറ്റി പി ടി ഉമ്മറിനെതിരെയുളളള പരാതിയില്‍ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാണ് ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുക്കുന്നതില്‍ നിന്ന് കമ്മീഷനെ തടയാന്‍ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തു തീര്‍പ്പു നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ നിലമ്പൂരില്‍ വലിയ പൊട്ടിത്തെറി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നതിനാല്‍ ശിക്ഷാ നടപടി പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം. അതേ സമയം ഗുരുതര ആരോപണം നേരിട്ട കുഞ്ഞീതുവിനെതിരെയും നടപടി വേണമെന്ന ശക്തമായ നിലപാടിലാണ് ഒരു വിഭാഗം.