കേന്ദ്രസര്‍ക്കാറിന്റെ ഭ്രൂണഹത്യാ നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി: ബിഷപ്പ് മാര്‍ റെമിജിയോസ്

Posted on: July 21, 2015 9:32 am | Last updated: July 21, 2015 at 9:32 am
SHARE

കോഴിക്കോട്: കോര്‍പ്പറേറ്റുകള്‍ക്കായാണ് ഭ്രൂണഹത്യാനിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നതെന്നും ഇതിന് പിന്നില്‍ വന്‍ ഗുഢലക്ഷ്യമാണ് കോര്‍പ്പറേറ്റുകള്‍ക്കുളളതെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വന്‍ വ്യവസായമാണ് ഇതിലൂടെ രൂപപ്പെട്ടുവരുന്നത്. ഇന്ന് മന്ത്രിമാരല്ല രാജ്യം ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. ഭാരതത്തില്‍ ഈ ബില്‍ കൊണ്ടുവരാനായി ആരും ആവ ശ്യപ്പെട്ടിട്ടില്ല. ഭ്രൂണഹത്യാനിയമം ഭേദഗതി ചെയ്യാനുളള നീക്കത്തിനെതിരെ താമരശ്ശേരി- കോഴിക്കോട് രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലിക്ക് ശേഷം നടന്ന സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണത്തിന് പിന്നാലെ ജനപ്രതിനിധികള്‍ പോവുന്നതാണ് കാണുന്നത്. ഭ്രൂണാഹത്യനിയമം മുന്നോട്ടുകൊണ്ടുപോകുന്നവര്‍ക്ക് ഹിറ്റ്‌ലറുടെ ദുരവസ്ഥയുണ്ടാകുമെന്ന് ഇഞ്ചനാനിയില്‍ പറഞ്ഞു. ഹിറ്റല്‌റുടേതുപോലെ തന്നെ ആ പ്രസ്ഥാനം നശിച്ചൊടുങ്ങും. ഭ്രൂണാഹത്യനിയമം ഭേദഗതി ചെയ്യാനുളള നിയമത്തിന്റെ ഉളളടക്കം ഭീതിപ്പെടുത്തുന്നതാണ്. ജീവന്‍ നശിപ്പിക്കാനാണ് പുതിയ നിയമം വരുന്നത്. ബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ വഴിയിലൂടെ പോകുന്നവര്‍ക്കെല്ലാം അനുവാദം ലഭിക്കുകയാണ്. ഇതിലുടെ നിയമം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. വിവേചനമില്ലാതെ ജനപ്രതിനിധികള്‍ ഇതിനോട് സമീപിക്കില്ലെന്നാണ് വിശ്വാസം. 1971ലെ നിയമം മാറ്റി അവതരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഈ നിയമം പാസായല്‍ ദുരുപയോഗം ചെയ്യപ്പെടും. കരിനിയമത്തില്‍ നിന്ന് ജനപ്രതിനിധികള്‍ പിന്‍വാങ്ങണമെന്നും ജനപ്രതിനിധികള്‍ക്ക് ബോധം ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ ഉദരത്തില്‍ വെച്ച് നടക്കുന്ന കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. ഗര്‍ഭനിരോധനവും ഗര്‍ഭഛിദ്രവും വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോള്‍ തന്നെ ജീവന്‍ നല്‍കുന്നത് ദൈവമാണ്. യൂറോപ്പില്‍ ഗര്‍ഭഛിദ്രം അവസാനിപ്പിച്ചിരുന്നു. അവസാനം അവിടെ കുഞ്ഞുങ്ങള്‍ ജനിക്കാതെയായെന്നും ബിഷപ്പ് പറഞ്ഞു.