വ്യാപം: എസ് ഐ ടിക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി

Posted on: July 21, 2015 5:50 am | Last updated: July 20, 2015 at 10:51 pm
SHARE

vyapamന്യൂഡല്‍ഹി: വ്യാപം കേസില്‍ നേരത്തെ അന്വേഷണം നടത്തിയ എസ് ഐ ടിക്കും പ്രത്യേക ദൗത്യ സേനക്കും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കി. വ്യാഴാഴ്ച വരെ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര, അമിതാവ് റോയി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് സി ബി ഐയുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി കൊടുത്തത്.
സി ബി ഐയുടെ വാദത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. 185ല്‍ അധികം വരുന്ന വ്യാപം കേസുകള്‍ എസ് ഐ ടിയില്‍ നിന്ന് ഏറ്റെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നും അതിന് മുമ്പ് എസ് ഐ ടി പൂര്‍ത്തിയാക്കിയ കേസുകളില്‍ കുറ്റപത്രം നല്‍കാന്‍ അവരെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 16നാണ് സി ബി ഐ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയുണ്ടെന്നായിരുന്നു സി ബി ഐയുടെ വാദം.
ഈ മാസം ഒമ്പതിനാണ് വ്യാപം കേസും ഇതുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണവും സി ബി ഐക്ക് കൈമാറി സുപ്രീം കോടതി ഉത്തരവിട്ടത്. ഇപ്പോള്‍ കേസ് സി ബി ഐയാണ് അന്വേഷിക്കുന്നത്.