കോന്നി സംഭവം: ചികില്‍സയിലായിരുന്ന ആര്യ മരിച്ചു

Posted on: July 20, 2015 6:25 pm | Last updated: July 21, 2015 at 6:12 pm
SHARE

arya...തൃശൂര്‍: ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോന്നി സ്വദേശിനി തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ ആര്യ സുരേഷ് (16) മരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണം. മരണസമയത്ത് ആര്യയുടെ സഹോദരനും അമ്മയും ആശുപത്രിയിലുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ആര്യയെ ചികിത്സിച്ചത്. കഴിഞ്ഞ ബുധനാഴ്ച ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധിച്ചതോടെ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുകയായിരുന്നു. ശനിയാഴ്ച ന്യൂമോണിയക്കൊപ്പം ശ്വാസകോശത്തില്‍ അണുബാധയുമുണ്ടായതോടെ നില ഗുരുതരമായി.
ഒമ്പതിനാണ് പ്ലസ് ടു വിദ്യാര്‍ഥികളായ ആര്യ, ആതിര, രാജി എന്നിവരെ കാണാതായത്. ഇവരില്‍ രണ്ട് പേരുടെ മൃതദേഹം പതിമൂന്നിനാണ് പാലക്കാട് മങ്കരക്കും ലക്കിടിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തിത്. ഗുരുതരമായി പരുക്കേറ്റ ആര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.