ഇഞ്ചിപ്പാടങ്ങളില്‍ റൗണ്ടപ്പ് ഉപയോഗം വ്യാപകം; അര്‍ബുദ ബാധിതരുടെ എണ്ണം അഞ്ചിരട്ടിയായി

Posted on: July 20, 2015 12:28 pm | Last updated: July 20, 2015 at 12:28 pm
SHARE

article_1610-eco15-roundup

പാലക്കാട്: നെല്ലറയിലെ ഇഞ്ചിപ്പാടങ്ങളില്‍ കളകള്‍ കരിച്ചുകളയാന്‍ ഉപയോഗിക്കുന്ന റൗണ്ടപ്പ് എന്ന കീടനാശിനി ദുരന്തം വിതക്കുന്നു. എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ റൗണ്ടപ്പിന്റെ ഉപയോഗം വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദ ബാധിതരുടെ എണ്ണം അഞ്ചിരട്ടിയാക്കിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 1999ല്‍ ചിറ്റൂര്‍ താലൂക്കിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കണക്ക് പ്രകാരം 1740 അര്‍ബുദ ബാധിതര്‍ ഉണ്ടായിരുന്നിടത്ത്, ഇപ്പോള്‍ അഞ്ചിരട്ടി വരെ വര്‍ധിച്ച് 5,320ലെത്തി. അര്‍ബുദ രോഗബാധിതരില്‍ 60 ശതമാനത്തിലേറെ കര്‍ഷകത്തൊഴിലാളികളാണ്. ഇവരില്‍ മിക്കവരും ഇഞ്ചിപ്പാടങ്ങളില്‍ പണിചെയ്തവരാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കൃഷിവകുപ്പ് തന്നെയാണ് റൗണ്ടപ്പ് വിതരണം ചെയ്യുന്നതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. റൗ ണ്ട്അപ്പ് പ്രോ മാക്‌സ്, ഫാസ്റ്റ് ആക്ഷന്‍ റൗണ്ടപ്പ്, ലിക്വിഡ് കോണ്‍സന്‍ട്രേറ്റ് റൗണ്ടപ്പ്, എക്സ്റ്റന്‍ഡഡ് കണ്‍ട്രോള്‍ റൗണ്ടപ്പ് തുടങ്ങിയ പേരുകളില്‍ ജില്ലയില്‍ വില്‍പ്പന നടത്തുന്നത്. സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും ഇഞ്ചിപ്പാടങ്ങളില്‍ തളിക്കുന്ന റൗണ്ടപ്പ് ഒഴുകിയെത്തുന്നു. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന റൗണ്ടപ്പിന്റെ അവശിഷ്ടങ്ങള്‍ മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്നത് ജലസ്രോതസ്സുകളിലേക്കാണ്. ബോര്‍വെല്ലുകളില്‍ നിന്ന് ലഭിക്കുന്ന കഠിന ജലത്തോടൊപ്പം കളനാശിനിയുടെ അവശിഷ്ടവും ചേരുമ്പോള്‍ ഭീതിദമായ അവസ്ഥയാണുണ്ടാകുന്നത്. ജൈവ കളനാശിനികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കൃഷിവകുപ്പ് തയ്യാറാകാത്തതാണ് റൗണ്ടപ്പ് പോലെയുള്ള മാരക കളനാശിനികളുടെ ഉപയോഗം വ്യാപകമാകാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വര്‍ധിച്ച കൂലിച്ചെലവ് മൂലം കളനാശനത്തിന് റൗണ്ടപ്പ് എളുപ്പവഴിയായി കാണുകയാണ് കര്‍ഷകര്‍.
കഴിഞ്ഞ 15 വര്‍ഷത്തോളമായി നെല്‍കൃഷിയേക്കാള്‍ ലാഭകരമായ ഇഞ്ചിക്കൃഷിയിലേക്ക് പാലക്കാട്ടെ കര്‍ഷകര്‍ തിരിഞ്ഞിട്ട്. ചിറ്റൂര്‍, മുതലമട, കഞ്ചിക്കോട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 250 ഹെക്ടറിലേറെ സ്ഥലത്ത് ഇപ്പോള്‍ ഇഞ്ചികൃഷിയുണ്ട്.
2013 മുതല്‍ വിലസ്ഥിരത കൈവരിച്ചതാണ് ഇഞ്ചികൃഷിയിലേക്ക് നെല്‍പ്പാടങ്ങള്‍ പരിണമിക്കാന്‍ കാരണം. ഒരു വര്‍ഷം രണ്ട് വിളവുകളുള്ള ഇഞ്ചിപ്പാടങ്ങള്‍ക്ക് വെള്ളം കുറവ് മതിയെന്നതും ആകര്‍ഷകമായി. ഒരേക്കര്‍ സ്ഥലത്ത് നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപവരെ ആദായമുള്ള ഇഞ്ചികൃഷിക്ക് വ്യാപകമായി ഉപയോഗിക്കുന്നത് രാസവളങ്ങളും രാസകീടനാശിനികളുമാണ്. ഇതില്‍ ഏറ്റവും മാരകമായ കീടനാശിനിയാണ് റൗണ്ടപ്പ്. ഇഞ്ചികൃഷിക്ക് പാടങ്ങള്‍ ഒരുക്കുന്നത് മുതല്‍ ഇവിടങ്ങളിലെ പാടവരമ്പിലെ കളകള്‍ കരിക്കാന്‍ ഈ കീടനാശിനി ഉപയോഗിക്കുകയാണ്. കളനാശിനിയായ റൗണ്ടപ്പ് കൃഷി ഒരുക്കുന്നതിനു മുമ്പും തൈകള്‍ പിടിച്ചുതുടങ്ങുമ്പോളും പാടത്ത് സ്‌പ്രേ ചെയ്യും. 100 മില്ലിഗ്രാം റൗണ്ടപ്പ് ലയിപ്പിച്ച് പാടത്ത് സ്‌പ്രേ ചെയ്താല്‍ പാടത്തെ കളയും പുല്ലും കരിയുമെന്ന് മാത്രമല്ല അടുത്ത രണ്ട് വര്‍ഷത്തേക്ക് പുല്ല് പോലും പാടവരമ്പില്‍ മുളക്കില്ല. കൂലിക്ക് ആളെ വെച്ച് കളപറിച്ചാല്‍ നാല് ദിവസമെടുത്ത് 10,000 രൂപ ചെലവ് വരുന്നിടത്ത് 200 രൂപയുടെ റൗണ്ടപ്പ് ഉപയോഗിച്ച് അര മണിക്കൂര്‍ കൊണ്ട് ചെയ്തുതീര്‍ക്കാം. എന്നാല്‍, ഈ കളനാശിനി തൊലിപ്പുറത്തും ആമാശയത്തിലും കരളിലും ശ്വാസകോശത്തിലും അര്‍ബുദത്തിന്റെ വിത്തുവിതക്കുന്നു. തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളിലെ വിഷപ്രയോഗ ത്തിനെതിരെ ബോധവത്കരണവും നിയമനടപടികളും സ്വീകരിക്കുന്ന സര്‍ക്കാര്‍ ജില്ലയില്‍ റൗണ്ടപ്പ് പ്രയോഗം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കര്‍ഷക മുന്നേറ്റം അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നു.