ഇസില്‍ ബന്ധം: സഊദി 431 പേരെ അറസ്റ്റ് ചെയ്തു

Posted on: July 20, 2015 12:14 pm | Last updated: July 20, 2015 at 12:14 pm
SHARE

isil

റിയാദ്: ഇസില്‍ ഭീകരവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 431 പേരെ സഊദി അറസ്റ്റ് ചെയ്തു. പള്ളികള്‍ക്ക് നേരെയും സുരക്ഷാ വിഭാഗങ്ങള്‍ക്ക് നേരെയും നയതന്ത്രപ്രതിനിധികള്‍ക്ക് നേരെയും ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരാണ് അറസ്റ്റിലായതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവര്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഖാത്വിഫ് പ്രവിശ്യയിലെ അല്‍ഖദീഹ് ഗ്രാമത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കാളികളായവരും അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സഊദി നേരിടുന്ന ഏറ്റവും കനത്ത ആക്രമണമായാണ് അല്‍ഖദീഹ് ചാവേര്‍ ആക്രമണത്തെ അധികൃതര്‍ വിലയിരുത്തുന്നത്.
ഇപ്പോള്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സഊദിക്കാരായ ആളുകള്‍ തന്നെയാണെന്നാണ് സൂചന. പശ്ചിമേഷ്യയിലെ മറ്റു ചില രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഉള്ളവരും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഇവര്‍ നടത്താനിരുന്ന ആറ് ചാവേര്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തി. ഇതിന് പുറമെ സുരക്ഷാ സൈനികരെ കൂട്ടക്കൊല നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് മന്ത്രാലയം പറയുന്നു.
ഇപ്പോള്‍ അറസ്റ്റിലായവര്‍ എല്ലാവരും ഒരേ വിഭാഗത്തിലോ സംഘടനയിലോ പെട്ടവരല്ല. രാജ്യത്ത് ഭീകരത പടര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്തലാണ് അവരുടെ ഗൂഢലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബസ്സാം ആതിയ്യ പറഞ്ഞു. ഭീകരവാദികള്‍ രാജ്യത്തുടനീളം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂടുതല്‍ സഹായം തേടുന്നത് സോഷ്യല്‍ മീഡിയകള്‍ വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.