Connect with us

Articles

കാനവും കുമ്മനത്തിന് പഠിക്കുകയൊന്നുമല്ല

Published

|

Last Updated

                                     പി വത്സല,                                                                                           കാനം രാജേന്ദ്രന്‍

“”ഇടതുപക്ഷം മതനിരപേക്ഷതക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം, മതന്യൂനപക്ഷത്തിന്റെ താത്പര്യ സംരക്ഷണം മാത്രമായിപ്പോയോ? അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആ മതനിരപേക്ഷത എന്ന സങ്കല്‍പ്പം ന്യൂനപക്ഷ സംരക്ഷണം മാത്രമായി ചുരുങ്ങപ്പെടുമ്പോള്‍, ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഇവര്‍ ന്യൂനപക്ഷത്തിന്റെ മാത്രം സംരക്ഷകരാണ് എന്ന് ഒരു ധാരണയുണ്ടായാല്‍ അതില്‍ നമുക്ക് തെറ്റുപറയാനാകില്ല””
-എന്‍ ഇ ബാലറാമിനെ അനുസ്മരിച്ച് കണ്ണൂരില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.
“”ഹിന്ദുക്കള്‍ക്ക് ഒരാനുകൂല്യവും കൊടുത്തുകൂട. ഹിന്ദു എന്ന് പറഞ്ഞുകൂട. ആ നിലപാടാണ് ഇവിടെ. ഇന്ത്യയിലും കേരളത്തിലും ഹിന്ദു എന്ന വാക്ക് ചിലര്‍ അലര്‍ജിയായി കണക്കാക്കുന്നതായി ഞാന്‍ പറഞ്ഞിട്ടുണ്ട്… മോദിക്ക് കുടുംബമില്ല. കുടുംബവാഴ്ചക്കാണ് മോദി ഇന്ത്യയില്‍ വിരാമമിടുന്നത്. നല്ല സാമ്പത്തിക വിദഗ്ധനാണ്. താഴെക്കിടയിലുള്ളവരുടെ ദുഃഖങ്ങള്‍ അനുഭവിച്ചയാള്‍. അഴിമതിയില്ലാത്ത ഭരണാധികാരി. സാമ്പത്തിക ബിരുദധാരി എന്ന നിലയില്‍ മോദിയുടെ ഭരണരംഗത്തെ നടപടികള്‍ ഞാന്‍ വിലയിരുത്തുന്നുണ്ട്…””
മംഗളം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പി വത്സല.
ചേര്‍ത്ത് വായിക്കാവുന്ന അഭിപ്രായപ്രകടനങ്ങളാണ് ഇവ. സാഹിത്യകാരിയും ഇടതുപക്ഷ സഹയാത്രികയെന്ന് പൊതുവില്‍ കരുതപ്പെടുകയും ചെയ്തിരുന്ന പി വത്സല, എങ്ങനെയാണ് ഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ആശങ്കയുള്ളവരായി മാറിയത്? തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ ഭരണ സംവിധാനം രാജ്യത്ത് നിലവില്‍ വരികയും അതിന്റെ നേതൃത്വത്തില്‍ നരേന്ദ്ര മോദിയെപ്പോലൊരാള്‍ ഇരിക്കുകയും ചെയ്യുമ്പോള്‍, പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്ന ചില സംഗതികളുടെ പ്രതിഫലനമാണ് വത്സലയുടെ വാക്കുകളിലുള്ളത്. സ്വാതന്ത്ര്യാനന്തരമുള്ള കാലമത്രയും അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കുകയാണെന്നതാണ് പ്രചരിപ്പിക്കപ്പെടുന്നവയില്‍ ഒന്ന്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നുവെന്നും പ്രചരിപ്പിക്കപ്പെടുന്നു. അതിനോട് ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നു പി വത്സല.
ഹിന്ദു എന്ന മതമോ ആ വാക്കോ അല്ല, ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അതിനു വേണ്ടി സംഘര്‍ഷങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളുമാണ് എതിര്‍ക്കപ്പെടുന്നത്. അതിനെ ഹിന്ദു മതത്തിനും അതിലെ അംഗങ്ങള്‍ക്കുമെതിരായ നീക്കമായും ഹിന്ദുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലുള്ള അതൃപ്തിയായും വ്യാഖ്യാനിക്കുക എന്ന, കാലങ്ങളായി സംഘ് പരിവാരം ചെയ്തുവരുന്ന ക്രിയയുടെ തുടര്‍ച്ചയാണ് “ആത്മാഭിമാന വീണ്ടെടുക്കല്‍”, “ഹിന്ദു രാഷ്ട്ര പ്രയാണം” തുടങ്ങിയവ. അതിനെ സാധൂകരിക്കാനാണ് വത്സലയെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.
ഇന്ത്യാ മഹാരാജ്യത്ത് അര്‍ഹവും അനര്‍ഹവുമായ ആനുകൂല്യങ്ങളൊക്കെ ന്യൂനപക്ഷങ്ങള്‍ക്കാണ് ലഭിക്കുന്നത്. അവര്‍ സമ്പത്ത് സമാഹരിക്കുകയും സാമുഹിക അന്തസ്സ് വര്‍ധിപ്പിക്കുകയും ഭൂരിപക്ഷ സമുദായത്തിന് സാധിക്കാത്ത വിധത്തിലുള്ള മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായാണ് ഹിന്ദു എന്ന് പറയാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടായത് എന്ന് വേണമെങ്കില്‍ വത്സലയുടെ വാക്കുകളെ വായിച്ചെടുക്കാം. രാജ്യത്താകെയോ കേരളത്തിലോ അത്തരമൊരു അവസ്ഥയുണ്ടെന്ന് കരുതാനാകില്ല. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ചില പ്രത്യേക അവകാശ അധികാരങ്ങള്‍ അനുവദിച്ച് നല്‍കുന്നുണ്ട്. ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന പരിഷ്‌കൃത സമൂഹം, അവിടുത്തെ ന്യൂനപക്ഷങ്ങളുടെ സൈ്വര ജീവിതം ഉറപ്പാക്കാന്‍ ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വ്യവസ്ഥകള്‍, ഭൂരിപക്ഷങ്ങളുടെ അവകാശാധികാരങ്ങളെ ഏതെങ്കിലും വിധത്തില്‍ ഹനിക്കുന്നവയല്ല.
ഏക സിവില്‍ കോഡ് നടപ്പാക്കിയിട്ടില്ല എന്നതും രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരം ചില പദ്ധതികള്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി നടപ്പാക്കുന്നുവെന്നതുമാണ് അപവാദമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബഹുസ്വര സമൂഹത്തില്‍ ഓരോ സമുദായത്തിനും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടാകേണ്ടതുണ്ട്. അതിന്റെ കൂടി ഭാഗമാണ് സിവില്‍ നിയമങ്ങളിലെ വൈവിധ്യം. ഹിന്ദു സമുദായത്തിന്റെ കാര്യത്തില്‍ സിവില്‍ നിയമങ്ങളിലുണ്ടായ പരിഷ്‌കരണം ഏതെങ്കിലും ഭരണകൂടത്തിന്റെ നിര്‍ബന്ധ ബുദ്ധിയുടെ ഫലമല്ല. സമുദായത്തിന് ഉള്ളില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കൂടിയാണ്. ഒരു രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിന് അവരുടെ വ്യക്തിത്വം നിലനിര്‍ത്തുന്നത് സംബന്ധിച്ച് ആശങ്കകളുണ്ടാകേണ്ടതില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അതല്ല, വിശിഷ്യ ഭൂരിപക്ഷ സമുദായത്തിന്റെ പേരില്‍ ഹിന്ദുത്വ വര്‍ഗീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോള്‍. അതുകൊണ്ട് കൂടിയാണ് ഏകീകൃത സിവില്‍ കോഡെന്ന ആശയം ബഹുസ്വര സമൂഹത്തിന് യോജിച്ചതാകാത്തതും.
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പ്രകാരം മുസ്‌ലിംകള്‍ക്കായി പ്രത്യേക ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആരംഭിച്ചത് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ്. സ്വാതന്ത്ര്യാനന്തരമുള്ള ഭരണം, ഈ സമുദായത്തിലെ ഭൂരിപക്ഷത്തിന്റെയും സാമൂഹിക – സാമ്പത്തിക – വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്നതിന് സഹായകമായില്ലെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ചില പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടത്. ഇതിന് വേണ്ടി പണം നീക്കിവെക്കുന്നത്, അനര്‍ഹമായതിന്റെ വിതരണമോ മറ്റ് വിഭാഗങ്ങളെ അവഗണിക്കുന്നതിന്റെ ഭാഗമോ ആയി കാണാനാകില്ല. പട്ടിക വിഭാഗങ്ങള്‍ക്കായി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക ഫണ്ട് നീക്കിവെക്കുന്നുണ്ട്, വര്‍ഷങ്ങളായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു. വടക്ക് കിഴക്കന്‍ മേഖലക്ക് പ്രത്യേക സഹായം നല്‍കാന്‍ കോടികള്‍ നീക്കിവെക്കാറുമുണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുകയും ചെയ്യുന്നു. ഇതൊക്കെ അനര്‍ഹമായതിന്റെ വിതരണമോ ഇതര വിഭാഗങ്ങളോടുള്ള അവഗണനയോ ആകുമോ?
രാഷ്ട്രീയ – സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധത്തില്‍ വര്‍ഗീയമോ വിഭാഗീയമോ ആയി ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നുവെന്ന തോന്നലുണ്ടാകുന്നത്. രാഷ്ട്രീയ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ത്രാണി ഇല്ലാതാകുമ്പോഴാണ്, ഇത്തരം തോന്നലുകളെ ഗൗരവത്തിലെടുത്ത് മതനിരപേക്ഷത, എന്നത് ന്യൂനപക്ഷ സംരക്ഷണം മാത്രമായി ചുരുങ്ങപ്പെടുന്നുവെന്ന വിലയിരുത്തലുണ്ടാകുന്നത്. വത്സലയെപ്പോലുള്ളവര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പൊതുവിലുള്ളതായി മാറിയിരിക്കുന്നുവെന്ന ചിന്ത, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുണ്ടാകുമ്പോള്‍ ഇത്രയും കാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം ഫലശൂന്യമായിരുന്നുവെന്ന ഏറ്റുപറച്ചില്‍ കൂടിയാണത്.
ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടത്, തലശ്ശേരി മുതല്‍ മുസാഫര്‍ നഗര്‍ വരെയുള്ള കലാപങ്ങളിലും ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയിലും ന്യൂനപക്ഷങ്ങള്‍ ആസൂത്രിതമായി ലക്ഷ്യമാക്കപ്പെട്ടത്, ഭീകരാക്രമണങ്ങളുടെ പേരില്‍ ന്യൂനപക്ഷ സമുദായത്തിലെ നിരപരാധികള്‍ കൂട്ടത്തോടെ ജയിലില്‍ അടക്കപ്പെട്ടത്, ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍ നടത്തിയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് എന്നിങ്ങനെ സവിശേഷവും ജീവല്‍പ്രധാനവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഏത് ഭാഗത്തു നില്‍ക്കണമെന്ന് തീരുമാനിക്കുന്നത് മനുഷ്യത്വത്തിന്റെയും സമത്വത്തിന്റെയും ഉള്‍ക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ്. അത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ സംരക്ഷകരെന്ന നിലയിലേക്ക് മതനിരപേക്ഷ നിലപാടുകള്‍ പരിമിതപ്പെടുന്നില്ല. അങ്ങനെ പരിമിതപ്പെട്ടുപോകുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍, കാനത്തെപ്പോലുള്ളവര്‍ക്ക് സ്വന്തം രാഷ്ട്രീയം നഷ്ടമാകുകയാണ് ചെയ്യുന്നത്. സംഘ പരിവാരം കാലങ്ങളായി പ്രചരിപ്പിക്കുകയും വത്സലമാര്‍ ഇപ്പോള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന അജന്‍ഡകള്‍ക്ക് കൂടുതല്‍ വേരോട്ടമുണ്ടാകാന്‍ സാഹചര്യമുണ്ടാക്കുകയുമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആയിരുന്നവര്‍ ബി ജെ പിയിലേക്ക് ചായുന്നുവെന്ന പ്രചാരണം, അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ സാഹചര്യത്തിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൂടി അംഗങ്ങളായ കേരളത്തിലെ, ഇടത് ജനാധിപത്യ മുന്നണി 2009 മുതലിങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം പരാജയമാണ് രുചിച്ചത്. ന്യൂനപക്ഷ സംരക്ഷകരായി ഇവര്‍ മാറിയെന്ന സംശയം ഭൂരിപക്ഷ സമുദായത്തിന് ഉണ്ടായതു കൊണ്ട് സംഭവിച്ചതല്ലല്ലോ ഈ പരാജയങ്ങളെല്ലാം. അതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ വാര്‍ത്തകളെ ശ്രദ്ധിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കേരളത്തിന്റെ സാഹചര്യമെടുത്താല്‍, മന്ത്രിസഭയില്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ (മുസ്‌ലിം, ക്രിസ്ത്യന്‍) കൂടുതലുണ്ടായതുകൊണ്ട് ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പ്രശ്‌നങ്ങളുണ്ടായതായി അറിവില്ല. സമുദായഭേദം കൂടാതെ മന്ത്രിമാര്‍ ആരോപണ വിധേയരായിട്ടുണ്ട്. അതില്‍ കഴമ്പുണ്ടെങ്കില്‍ അക്കാര്യം ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കണം. വിജയിക്കുന്നില്ലെങ്കില്‍ സ്വന്തം പക്ഷത്ത് പ്രശ്‌നങ്ങളുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. പുതിയ കാലത്തെ അഭിമുഖീകരിക്കുന്നതിലും പുതിയ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിലും പാളിച്ചകളുണ്ടാകുന്നുവെങ്കില്‍ പഠിച്ച് മാറ്റം വരുത്തേണ്ടതും മറ്റാരുമല്ല. പുതിയ തലമുറയിലേക്ക് സ്വന്തം രാഷ്ട്രീയം പകര്‍ന്നുനല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍, അതും പരിഹരിക്കേണ്ടത് ഈ പാര്‍ട്ടികളും അതിന്റെ നേതാക്കളുമാണ്. അതിനേക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ന്യൂനപക്ഷ സംരക്ഷണം മാത്രമായിപ്പോകുന്ന മതനിരപേക്ഷ നിലപാടില്‍ മാറ്റം വേണമെന്നൊക്കെ ആവശ്യപ്പെട്ട് ഹിന്ദു വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചാല്‍, രാജ്യത്ത് കപട മതേതരവാദമാണ് നിലനില്‍ക്കുന്നത് എന്ന സംഘ്പരിവാര്‍ പ്രചാരണം ശരിവെക്കുകയാകും ചെയ്യുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest