മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രയോജനപ്പെടാതെ ‘വിദ്യാതീരം’ പദ്ധതി

Posted on: July 20, 2015 10:47 am | Last updated: July 20, 2015 at 10:48 am
SHARE

tds_office_main_blockകൊല്ലം: സംസ്ഥാനത്ത് തീരദേശ മേഖയിലെ നിര്‍ധനരായ മത്സ്യത്തൊഴിലാളികളുടെ, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ ആവിഷ്‌കരിച്ച വിദ്യാതീരം പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. എസ് എസ് എല്‍ സി പരീക്ഷാ ഫലം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതാണ് പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്നാണ് മത്സ്യതൊഴിലാളി ക്ഷേമനിധി കമ്മീഷണറുടെ വിശദീകരണം. ഇതോടെ പദ്ധതിയുടെ ഗുണഫലം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുമോ എന്നത് സംബന്ധിച്ച് ആശങ്കയുയര്‍ന്നിട്ടുണ്ട്. പദ്ധതിയില്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഇന്ന് തീര്‍ത്തും നിരാശരാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി എ ആന്‍ഡ്രൂസ് സിറാജിനോട് പറഞ്ഞു.
ഉയര്‍ന്ന മാര്‍ക്ക് നേടി പത്താം ക്ലാസ് ജയിക്കുന്ന കുട്ടികളെ മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷക്ക് പ്രാപ്തമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കേരള സിലബസില്‍ ആകെയുള്ള വിഷയങ്ങളില്‍ രണ്ടെണ്ണത്തിനൊഴികെ എ പ്ലസ് നേടി വിജയിക്കുന്ന കുട്ടികളെയാണ് തിരഞ്ഞെടുക്കുക. സി ബി എസ് ഇ, ഐ സി എസ് ഇ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ 80 ശതമാനം മാര്‍ക്ക് നേടി പരീക്ഷ പാസായിരിക്കണം. പ്ലസ് വണ്‍, പ്ലസ് ടു പഠനകാലയളവില്‍ എന്‍ട്രന്‍സ് പരിശീലനം സാധ്യമാക്കാനാണ് പദ്ധതികൊണ്ട് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 57 ലക്ഷം രൂപയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവ്.
ഓരോ വര്‍ഷവും തീരദേശ മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 50 കുട്ടികളെ സംസ്ഥാനത്ത് തന്നെയുള്ള മെഡിക്കല്‍ എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് സെന്ററുകളില്‍ ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ഫീസും നല്‍കി എന്‍ട്രന്‍സിന് സജ്ജമാക്കുകയാണ് ചെയ്യുന്നത്.
പാലായിലെയും തൃശൂരിലെയും പ്രമുഖ കോച്ചിംഗ് സെന്ററുകളില്‍ സര്‍ക്കാര്‍ ചെലവിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട കോച്ചിംഗ് സെന്റര്‍ തന്നെ തിരഞ്ഞെടുക്കാനാകും. മികച്ച മാര്‍ക്കോടെ പ്ലസ് ടു പാസായി എന്‍ട്രന്‍സ് പരീക്ഷ റിപ്പീറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കുട്ടികളെയും പദ്ധതിയിലേക്ക് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഒരു തവണ മാത്രമേ റിപ്പീറ്റ് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
പിന്നാക്ക മേഖലകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ ഇപ്പോഴും കടമ്പയായി തുടരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് അവിടെ ചേര്‍ന്ന് പഠിക്കുക അസാധ്യമാണ്. ആവശ്യമായ തയ്യാറെടുപ്പില്ലാതെ എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ കഴിയാത്തതുമൂലം മിടുക്കരായ കുട്ടികള്‍ പോലും പിന്തള്ളപ്പെടുന്ന അവസ്ഥയാണ് കേരളത്തില്‍ നിലവിലുള്ളത്.
ഇത് മറികടക്കാനാണ് ഫിഷറീസ് വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ മഹത്തായ ഈ ആശയത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. വിദ്യാതീരം പദ്ധതി കാര്യക്ഷമമാക്കാന്‍ ഫിഷറീസ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം ശക്തമായിട്ടുണ്ട്.