ഫാര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി മരിച്ചു

Posted on: July 20, 2015 10:25 am | Last updated: July 20, 2015 at 10:25 am
SHARE

Motor Racing - Formula One World Championship - Japanese Grand Prix - Qualifying Day - Suzuka, Japanപാരീസ്: ജാപ്പനീസ് ഗ്രാന്റ് പ്രിക്‌സ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി (25) അന്തരിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ കഴിഞ്ഞ സുസൂക്കയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ബിയാഞ്ചി കോമയിലായിരുന്നു. അപകടസമയത്ത് മൗറീസിയുടെ ഡ്രൈവറായിരുന്നു ബിയാഞ്ചി. ഫെരാരിക്ക് വേണ്ടിയും മത്സരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത അറിയിച്ചത്.
ഗ്രാന്‍പ്രീക്കിടെ ബിയാഞ്ചിയുടെ കാര്‍ റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജാപ്പനീസ് ഗ്രാന്‍പ്രീയുടെ 44ാമത്തെ ലാപിലായിരുന്നു സംഭവം. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ ട്രാക്കിലെ ഏഴാമത്തെ വളവില്‍ വച്ചായിരുന്നു കാര്‍ റിക്കവറി ക്രെയിനുമായി കൂട്ടിയിടിച്ചത്. മത്സരത്തിനിടെ അപകടത്തില്‍പെട്ട മറ്റൊരു കാര്‍ റിക്കവറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം.
2011ല്‍ ടെസ്റ്റ് ഡ്രൈവറായി തുടങ്ങിയ ബിയാഞ്ചി 2013, 2014 വര്‍ഷങ്ങളില്‍ നടന്ന 34 ലധികം റേസിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഫോഴ്‌സ് ഇന്ത്യയുടെ ടെസ്റ്റ് ഡ്രൈവറായിരുന്നു. ബിയാഞ്ചിയുടെ കുടുംബത്തില്‍ നടക്കുന്ന രണ്ടാമത്തെ കാറപകടമാണിത്. 1969ല്‍ നടന്ന ലെ മാന്‍സ് റേസില്‍ മുത്തച്ഛനായ ലൂസിയന്‍ ബിയാഞ്ചി മരിച്ചിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന ആല്‍ഫ റൊമിയോ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.