Connect with us

Sports

405 റണ്‍സ് തോല്‍വി; ഇംഗ്ലണ്ട് ചാരം

Published

|

Last Updated

വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഓസീസ് താരങ്ങള്‍

ലോഡ്‌സ്: തിരിച്ചടിയെന്നാല്‍ ഇതാണ്.. എതിരാളികളെ പൊരുതാന്‍ പോലും അനുവദിക്കാതെ തകര്‍ത്ത് തരിപ്പണമാക്കുക.. ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയ ചെയ്തതും അതുതന്നെ.. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഓസീസ് തകര്‍ത്തത് 405 റണ്‍സിന്. ഒരു ദിനം ശേഷിക്കേയായിരുന്നു ഓസീസിന്റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്‌സ് രണ്ട് വിക്കറ്റിന് 254 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഓസീസ് ആതിഥേയര്‍ക്ക് മുന്നില്‍ വെച്ചത് 502 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സമനില ലക്ഷ്യമിട്ടിറങ്ങിയ ഇറങ്ങിയ ഇംഗ്ലണ്ടിനെ അവര്‍ 103 റണ്‍സിന് ചുരുട്ടിക്കൂട്ടി. ബാറ്റിംഗിലും ബൗളിംഗിലും തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ കങ്കാരുപ്പട പരമ്പരയില്‍ 1-1ന് മുന്നിലെത്തി. 25 റണ്‍സെടുത്ത പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിംസില്‍ 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായതും ബ്രോഡിന് മാത്രം. ഇത് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മിച്ചല്‍ ജോണ്‍സണ്‍ മൂന്നും ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
നേരത്തെ എട്ടിന് 566 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ 312 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. 96 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും 87 റണ്‍സ് എടുത്ത ബെന്‍ സ്‌റ്റോക്കും മാത്രമാണ് ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. മോയിന്‍ അലി (39)ഉം ബാലന്‍സ് (23)ഉം റണ്‍സെടുത്തു. ഓസീസ് ബൗളര്‍മാരുടെ തീപാറും പന്തുകള്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാര്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ഹേസല്‍വുഡ്, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.
254 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഓപണര്‍മാര്‍ നല്‍കിയത് തകര്‍പ്പന്‍ തുടക്കം. ക്രിസ് റോജേഴ്‌സും ഡേവിഡ് വാര്‍ണറും ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ഒരു പഴുതും അനുവദിച്ചില്ല. സ്‌കോര്‍ 114ല്‍ നില്‍ക്കെ പരുക്കേറ്റ റോജേഴ്‌സ് റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. റോജേഴ്‌സ് 77 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 49 റണ്‍സ് നേടി. തുടര്‍ന്ന് സ്മിത്തും വാര്‍ണറും കൂടി ഏകദിന ശൈലിയില്‍ ബാറ്റ് വീശി. 116 പന്തില്‍ വാര്‍ണര്‍ 83ഉം സ്മിത്ത് 48 പന്തില്‍ 58ഉം റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് ആദ്യ ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇവര്‍ക്ക് പിന്നാലെയെത്തിയ മൈക്കല്‍ ക്ലാര്‍ക്കും മിച്ചല്‍ മാര്‍ഷും സ്‌കോര്‍ ബോര്‍ഡ് കുതിപ്പിച്ചു. ക്ലാര്‍ക്ക് 32 റണ്‍സെടുത്തു. മാര്‍ഷ് 19 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 27 റണ്‍സെടുത്തു. കൂറ്റന്‍ ലീഡ് നേടിയതോടെ ഓസീസ് ഇംന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

---- facebook comment plugin here -----

Latest