സഞ്ജു അരങ്ങേറി

Posted on: July 20, 2015 10:18 am | Last updated: July 20, 2015 at 10:18 am
SHARE
ക്യാച്ചെടുത്ത സഞ്ജുവിനെ അജിക്യ രഹാനെ അഭിനന്ദിക്കുന്നു
ക്യാച്ചെടുത്ത സഞ്ജുവിനെ അജിക്യ രഹാനെ
അഭിനന്ദിക്കുന്നു

ഹരാരെ: കാത്തിരിപ്പ് അവസാനിച്ചു, സഞ്ജു വി സാംസണിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും മലയാളി സാന്നിധ്യം. സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണ് സഞ്ജു അരങ്ങേറിയത്. സഞ്ജുവിന് മുരളി വിജയ് ആണ് ഇന്ത്യന്‍ ക്യാപ് സമ്മാനിച്ചത്.
ഇന്ത്യക്കായി കളിക്കുന്ന നാലാമത്തെ മലയാളി താരവും ആദ്യ ബാറ്റ്‌സ്മാനുമാണ് 20 കാരനായ സഞ്ജു. എബി കുരുവിള, ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് എന്നിവര്‍ സഞ്ജുവിന് മുമ്പ് ഇന്ത്യന്‍ ടീമിലിടം നേടിയ മലയാളി താരങ്ങളാണ്. ഇവര്‍ മൂന്ന് പേരും ബൗളര്‍മാരായിരുന്നു.
മത്സരത്തില്‍ ഇന്ത്യ പത്ത് റണ്‍സിന് പരാജയപ്പെട്ടെങ്കിലും 19 റണ്‍സുമായി സഞ്ജു മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ ഒരു ബൗണ്ടറി സഹിതമായിരുന്നു സഞ്ജുവിന്റെ കന്നി ഇന്നിംഗ്‌സ്. 8.6 ഓവറില്‍ 69ന് അഞ്ച് എന്ന നിലയില്‍ ടീം തകര്‍ച്ചയെ നേരിടുമ്പോഴാണ് സഞ്ജു കളത്തിലിറങ്ങിയത്. 9.1 ഓവറില്‍ വില്ല്യംസിന്റെ പന്താണ് സഞ്ജു ആദ്യമായി നേരിട്ടത്. ഓഫ് സ്റ്റംമ്പിന് മുന്നില്‍ പതിച്ച ഗുഡ് ലെംഗ്ത് പന്ത് സഞ്ജു സമര്‍ഥമായി പ്രതിരോധിച്ചു. രണ്ടാം പന്തില്‍ സ്‌ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് സഞ്ജു തന്റെ കരിയറിലെ ആദ്യ റണ്‍ നേടി. നേരിട്ട 13ാമത്തെ പന്തിലാണ് ഇന്നിംഗ്‌സിലെ ഏക ബൗണ്ടറി പിറന്നത്. മുസറബാനിയുടെ പന്ത് എഡ്ജ് ചെയ്ത് തേര്‍ഡ്മാനിലൂടെ പന്ത് അതിര്‍ത്തി കടന്നു. സിംഗിളുകളും ഡബിളുമെടുത്ത് കൂറ്റനടി ഒഴിവാക്കിയ സഞ്ജുവും സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ബിന്നി പുറത്തായതോടെ ടീം പ്രതിസന്ധിയിലായി. ഒടുവില്‍ പതിനെട്ടാം ഓവറിലെ നാലാം പന്തില്‍ എംപോഫുവിനെ ഉയര്‍ത്തിയടിച്ച സഞ്ജുവിനെ വാളര്‍ മിഡ് ഓണില്‍ വെച്ച് പിടികൂടി. നിര്‍ണായക ഘട്ടത്തില്‍ മികച്ചൊരു ഇന്നിംഗ്‌സിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള സുവര്‍ണാവസരം സഞ്ജുവിന് മുതലാക്കാനായില്ല.
ഹര്‍ഭജന്‍ സിംഗിന് വിശ്രമം നല്‍കിയാണ് സഞ്ജുവിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ സഞ്ജുവിന് മത്സരത്തില്‍ ഗ്ലൗസ് അണിയേണ്ടി വന്നില്ല. റോബിന്‍ ഉത്തപ്പയാണ് വിക്കറ്റ് കാത്തത്. സിംബാബ്‌വെയുടെ രണ്ടാം വിക്കറ്റ് വീണത് സഞ്ജുവിലൂടെ. അഞ്ചാം ഓവറില്‍ സന്ദീപ് ശര്‍മയുടെ പന്തില്‍ സിക്കന്തര്‍ റാസയുടെ ബാറ്റിലുരസിയ പന്ത് സഞ്ജുവിന്റെ കൈകളില്‍ വീണു. അന്താരാഷ്ട്ര കരിയറില്‍ സഞ്ജുവിന്റെ ആദ്യ ക്യാച്ച്.
നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരുക്കേറ്റ അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് ബി സി സി ഐ സഞ്ജുവിനെ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. സഹകളിക്കാരനായ അജിക്യ രഹാനെ ടീമിന്റെ ക്യാപ്റ്റനായതും സഞ്ജുവിന് ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമായി.