പെണ്‍കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: പോലീസിന് വീഴ്ച

Posted on: July 20, 2015 9:58 am | Last updated: July 20, 2015 at 6:02 pm
SHARE

 

athita ra nair  copyപത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പാലക്കാട്ട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദ്യ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയതായി എം എസ് പി കമാന്‍ഡര്‍ ഉമാ ബെഹ്‌റ. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കോന്നിയിലുള്ള കുട്ടികളുടെ വീട്ടില്‍ മാതാപിതാക്കളുടെ മൊഴിയെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല ഉമ ബെഹ്‌റക്ക് കൈമാറിയതിനെ തുടര്‍ന്ന് ഇന്നലെ അവര്‍ കോന്നി റെസ്റ്റ് ഹൗസിലെത്തിയിരുന്നു.
പെണ്‍കുട്ടികളെ കാണാതായ ദിവസം കോന്നി പോലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് കാര്യമായി അന്വേഷണം നടത്തിയിരുന്നില്ല. പെണ്‍കുട്ടികള്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നാല് മണിക്കുറോളം ഉണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് അവര്‍ പറഞ്ഞു.
പെണ്‍കുട്ടികളെ കാണാതായ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരത്താണ് ഇവര്‍ ഇത്രയും സമയം ചെലവഴിച്ചിരുന്നത്. കോന്നി സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനായിരുന്നു ആദ്യം അന്വേഷണ ചുമതല. പെണ്‍കുട്ടികളെ കാണാതായ ഒമ്പതാം തീയതി ബന്ധുക്കള്‍ പരാതി നല്‍കി നാല് മണിക്കൂറിന് ശേഷമാണ് ആര്‍ പി എഫിനും മാവേലിക്കര പോലീസിനും പെണ്‍കുട്ടികളുടെ ചിത്രവും പരാതിയും കോന്നി പോലീസ് കൈമാറുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് സൂപ്രണ്ടിനെയും ഉമാ ബെഹ്‌റ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
മാവേലിക്കരെ റെയില്‍വേ സ്റ്റേഷനിലെ ആര്‍ പി എഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിട്ടുണ്ട്. സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളുടെ ഫൂട്ടേജ് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്യ കെ സുരേഷിന്റെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
പെണ്‍കുട്ടികളില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന ടാബ് കോന്നി പോലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിലെ ചാമ്‌രാജ് പേട്ടയിലെ മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ രണ്ട് തവണ ബെംഗളൂരുവില്‍ വന്ന സാഹചര്യത്തില്‍ കാണാതായ ടാബ് ഇവിടെ തന്നെയാകും വിറ്റതെന്ന് പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടാബ്‌ലെറ്റ് കണ്ടെത്തിയത്. കടക്കാരന്‍ പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. തൊട്ടടുത്തുള്ള മറ്റൊരു കടയിലും പെണ്‍കുട്ടികള്‍ ടാബ് വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. ടാബ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.