കോവളത്ത് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Posted on: July 19, 2015 10:51 am | Last updated: July 20, 2015 at 6:02 pm
SHARE

kovalam beach

തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ അഞ്ച് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടത്തിയത്. വട്ടപ്പാറ സ്വദേശി നിതിന്‍ രാജ്, കഴക്കൂട്ടം സ്വദേശി ജിതിന്‍, പി ടി പി നഗര്‍ സ്വദേശി അഭിഷേക്, സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരാണ് കാണാതായ മറ്റുള്ളവര്‍.

ശനിയാഴ്ച്ച രാത്രി ഏഴോടെയാണ് യുവാക്കളെ കാണാതായത്. ലൈഫ് ഗാര്‍ഡിന്റെയും നാട്ടുകാരുടെയും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയത്. ലൈഫ് ഗാര്‍ഡുകള്‍ തടഞ്ഞെങ്കിലും അവര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയ സമയം നോക്കി യുവാക്കള്‍ കടലില്‍ ഇറങ്ങുകയായിരുന്നു.

കോസ്റ്റല്‍ പോലീസും തീരസംരക്ഷണ സേനയും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് രാത്രി തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.