പെരുന്നാള്‍ പെരുത്ത ആഘോഷം…

Posted on: July 18, 2015 4:37 am | Last updated: July 17, 2015 at 9:38 pm
SHARE

കുട്ടിക്കാലത്ത് പെരുന്നാള്‍ എന്നത് എനിക്ക് പൊതുവായ ഒരു ആഘോഷമായിരുന്നു. എന്നും നോമ്പ് കാലത്തോട് വളരെയധികം ബഹുമാനമായിരുന്നു. ത്യാഗത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പുണ്യദിനങ്ങള്‍. ധാരാളം ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ നോമ്പ് അനുഷ്ഠിക്കാതെ ഇഫ്താറുകളില്‍ പങ്കെടുക്കുമ്പോള്‍ ഒരിക്കലും അതിന്റെ പൂര്‍ണത അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നോമ്പ് എടുക്കുന്നവര്‍ക്ക് മാത്രമേ ആ പൂര്‍ണത അനുഭവിച്ചറിയാന്‍ സാധിക്കൂ. കുട്ടിക്കാലത്ത് എന്റെ അയല്‍വാസികള്‍ പലരും നോമ്പുതുറ നടത്തുമ്പോള്‍ ഞാനും അവരോടൊപ്പം പങ്കെടുക്കുമായിരുന്നു. അങ്ങനെ സ്‌നേഹത്തോടും സാഹോദര്യത്തോടുമുള്ള നോമ്പുകാലം കുട്ടിക്കാലത്ത് അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട്. ആ ഒരു സാഹചര്യം ഇന്നത്തെ തലമുറക്ക് കിട്ടുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
പലപ്പോഴും നോമ്പ് അനുഷ്ഠിക്കണം എന്ന് തോന്നിയിട്ടുണ്ട്. വളരെയധികം അനുഭവിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു എന്റേത്. അന്നൊക്കെ എന്തിനെയും ഒരു ആഘോഷമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ കാലങ്ങള്‍ മാറുമ്പോള്‍ പലതിലും വ്യത്യാസങ്ങള്‍ വന്നു.
ഇന്ന് പരസ്പര സഹായത്തിലും ദാനധര്‍മങ്ങള്‍ നടത്തുന്നതിലും സമൂഹം കുറച്ച് അടഞ്ഞുപോയി എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. എല്ലാവരും ഇന്ന് അവരവരുടെ കാര്യങ്ങള്‍ മാത്രമാണ് നോക്കുന്നത്. സ്വന്തം തിരക്കുകളില്‍ മാത്രം അഭിരമിച്ച് ജീവിക്കുന്ന കാലം. അയല്‍പക്കത്ത് എന്ത് നടക്കുന്നു എന്നുപോലും അറിയാത്ത കാലം. ഈ മാറ്റം ഇന്ന് എല്ലാ കാര്യങ്ങളിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.
മറ്റൊരാളുടെ ദുഃഖം തന്റെ ജീവിതത്തിന് ബാധകമല്ലെന്ന് കരുതി ജീവിക്കുമ്പോള്‍ ഒരു ഓര്‍മപ്പെടുത്തലായിട്ടാണ് പരിശുദ്ധ റമസാന്‍ എത്തുന്നത്. ഭക്ഷണം സജ്ജമായിരിക്കെ അത് വേണ്ടെന്ന് വെച്ച് നന്മമാത്രം ചിന്തിക്കുന്ന കാലം. ഒരു സ്വയം വിലയിരുത്തലിനുള്ള അവസരമായിട്ടാണ് നോമ്പുകാലത്തെ കാണേണ്ടത്. മനസ്സിന്റെ ശുദ്ധീകരണം എന്ന വലിയൊരു സന്ദേശമാണ് ഈ കാലം നമുക്ക് സമ്മാനിക്കുന്നത്. റമസാനിലെ വ്രതവുമായി ബന്ധപ്പെട്ടുള്ള പുണ്യ പ്രവൃത്തികളാണ് എല്ലാവരും മാതൃകയാക്കേണ്ടത്. ഒപ്പം ഒരു സാഹോദര്യ ബന്ധത്തിന്റെ വലിയൊരു സന്ദേശവും.
.