Connect with us

Articles

കൂട്ടായ്മയുടെ കാലം

Published

|

Last Updated

കുട്ടിക്കാലത്ത് പെരുന്നാള്‍ എന്നാല്‍ സൗഹൃദ കൂട്ടായ്മയുടെ പുണ്യദിനം ആയിരുന്നു. നോമ്പ് അനുനുഷ്ഠാനമോ പെരുന്നാളോ എന്തെന്ന് അറിയാത്ത കുട്ടിക്കാലം. അന്നൊക്കെ ഞാന്‍ നിന്നിരുന്നത് തൊളിക്കുഴിയിലെ അമ്മൂമ്മയുടെ വീട്ടിലാണ്. അന്ന് ഈ പ്രദേശത്തൊക്കെ ധാരാളം മുസ്‌ലിം കുടുംബങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത വീടുകളില്‍ ഉണ്ടാക്കുന്ന പെരുന്നാള്‍ വിഭവങ്ങള്‍ ഞങ്ങള്‍ക്കും കിട്ടി. നോമ്പിന്റെ ആചാരപരമായ പ്രത്യേകതകള്‍ ഒന്നും അറിഞ്ഞുകൂടാത്ത കാലമായിരുന്നു അത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരായ മുസ്‌ലിം വിദ്യാര്‍ഥികള്‍ നോമ്പ് എടുക്കുമായിരുന്നു. ഇങ്ങനെ ആഹാരം കഴിക്കാതെ നോമ്പ് എടുക്കുന്നതിന്റെ കാരണങ്ങള്‍ തിരക്കിത്തുടങ്ങിയപ്പോഴാണ് ആ കര്‍മത്തിന്റെ വിശുദ്ധി മനസ്സിലായി തുടങ്ങിയത്. അതിന് ശേഷം പല ദിവസവും ഞാനും കൂട്ടുകാരോട് ആഭിമുഖ്യംപുലര്‍ത്തി ആഹാരം കഴിക്കാതിരുന്നിട്ടുണ്ട്.
അന്നൊക്കെ കൂട്ടുകാര്‍ ചെയ്യുന്ന പ്രവൃത്തികളോട് പങ്കുചേരാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. ഒരാളുടെ പ്രശ്‌നം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കുന്ന കാലമായിരുന്നു അത്. ജാതി മത ചിന്തകള്‍ക്ക് അപ്പുറമായൊരു മനോഭാവം ഇന്നത്തേക്കാള്‍ വളരെ കൂടുതലായിരുന്നു അന്ന്. നോമ്പുകാലം അവസാനിച്ച് പെരുന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ക്ലാസിലെ മുസ്‌ലിം സുഹൃത്തുക്കള്‍ ഞങ്ങളെ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും നോമ്പുകാലം വളരെയധികം ആഗ്രഹിച്ചിരുന്നു. നോമ്പ് തുടങ്ങി പെരുന്നാള്‍ വരെയുള്ള ദിവസങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു. കാരണം വയറ് നിറയെ ഭക്ഷണം കഴിക്കാനുള്ള ഒരു അവസരമായിരുന്നു ഞങ്ങള്‍ക്ക് പെരുന്നാള്‍ ദിനം. ആ ദിവസം കഴിഞ്ഞാല്‍ പിന്നെ അടുത്ത നോമ്പ് കാലത്തിനായുള്ള കാത്തിരിപ്പാണ്.
കുറച്ചുകൂടി വളര്‍ന്ന് കാര്യങ്ങളൊക്കെ തിരിച്ചറിവോടെ കണ്ടുതുടങ്ങിയപ്പഴാണ് മറ്റ് മതങ്ങളെ കൂടുതല്‍ അടുത്തറിയണമെന്നും അവയെകുറിച്ച് പഠിക്കണം എന്നുമുള്ള ചിന്തകള്‍ തോന്നിക്കുടങ്ങിയത്. ഇക്കാലത്ത് ഞാന്‍ ധാരാളമായി മത പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. അന്നൊക്കെ പരിസര പ്രദേശമായ തൊളിക്കുഴിയും സംപ്രമവുമെല്ലാം മത പ്രസംഗങ്ങളുടെ വേദിയായിരിക്കും. പലപ്പോഴും പ്രഭാഷകര്‍ പറയുന്ന ആശയങ്ങളും കഥകളും പൂര്‍ണാര്‍ഥത്തില്‍ മനസ്സിലായിരുന്നില്ല. പിന്നെ അവയെകൂടുതലായി പിന്തുടര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കണം എന്ന തോന്നല്‍ ഉണ്ടായിത്തുടങ്ങി. ആ പ്രചോദനത്തെ ഉള്‍ക്കൊണ്ടിട്ടാകാം ഞാന്‍ ആദ്യമായി ഒരു പൊതുവേദിയില്‍ പ്രസംഗിച്ചതും ഈ സംപ്രമത്തായിരുന്നു. അന്ന് ഈ ഭാഗത്തുണ്ടായിരുന്ന ആള്‍ക്കാരില്‍ 90 ശതമാനവും മുസ്‌ലിംകളായിരുന്നു. ഈ പ്രദേശങ്ങളിലൊക്കെ എനിക്കുണ്ടായിരുന്ന ആത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മതത്തെ കൂടുതലായി മനസിലാക്കാന്‍ സാധിച്ചത്. മുതിര്‍ന്നതിന് ശേഷമാണ് ഇസ്‌ലാം മതത്തിന്റെ നന്മകള്‍ മനസ്സിലായി തുടങ്ങിയത്. വിശപ്പാണ് ലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും പ്രധാന പ്രശ്‌നം. അതുകൊണ്ടുതന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണം ആഹാരം പങ്കുവെക്കലാണ്. സമത്വത്തിന്റെ പൂര്‍ണത തന്നെ എല്ലാവര്‍ക്കും വിശപ്പുണ്ട് എന്ന തിരിച്ചറിവ് നമ്മില്‍ ഉണ്ടാകുമ്പോഴാണ്. അത് നോമ്പ് കാലത്തിലൂടെയാണ് സാധ്യമാകുന്നത്.
മനുഷ്യന്റെ ആര്‍ത്തി ഒഴിവാക്കി നന്മയെ തിരിച്ചറിയുന്നതിനുള്ള ഒരു മഹത്തായ കര്‍മം കൂടിയാണ് നോമ്പ്. നല്ല അന്വേഷണങ്ങള്‍ എല്ലാം തുടങ്ങുന്നത് തന്നെ വിശപ്പില്‍നിന്നാണ്. അത് നോമ്പ് അനുഷ്ഠിക്കുമ്പോള്‍ കൂടുതല്‍ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ നോമ്പുകാലത്തോടും നോമ്പ് അനുഷ്ഠിക്കുന്നവരോടും എന്നും പ്രത്യേക ആദരവുണ്ട്.
.