Connect with us

Articles

വിശുദ്ധിയിലേക്ക് ഒരു വാതായനം

Published

|

Last Updated

പെരുന്നാള്‍ കാലത്തെ അറബ് നാടുകളിലെ ജീവിതം എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവങ്ങളില്‍ ഒന്നാണ്. നോമ്പുകാലത്തെ ഇവിടുത്തെ വാസം എന്റെ ജീവിതത്തെ വളരെയധികം രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. അക്കാലത്താണ് മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം വ്രതം അനുഷ്ഠിക്കുന്നതിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിച്ചത്. മറ്റുള്ളര്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ നമ്മളും അത് പിന്തുടരുക എന്നത് പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ട ഒരു വലിയ ആശയമാണ്. ത്യാഗത്തിന്റെ പരിശീലനമാണ് നമുക്ക് നോമ്പുകാലത്തില്‍ നിന്ന് ലഭിക്കുന്നത്. എന്റെ കലാലയ ജീവിതം ആരംഭിക്കുന്ന വേളയിലാണ് ഉപവാസവും പ്രാര്‍ഥനയും ത്യാഗനിഷ്ഠയും ഒരു സ്വഭാവമായി ഉള്‍ക്കൊള്ളുന്നത്. എന്റെ ജീവിതത്തില്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് എന്നും വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിട്ടുള്ളത്. വ്രതം അനുഷ്ഠിക്കുക എന്നത് ദൈവത്തോട് ഏകീഭവികാനുള്ള പ്രാര്‍ഥനയുടെ ഒരു ഉള്‍ച്ചേരല്‍ കൂടിയാണ്. നമ്മുടെ ജീവിതത്തെ വളരെയധികം നവീകരിക്കുന്നതിനുള്ള ഒരു കാലമാണ് പരിശുദ്ധ റമസാന്‍ മാസം. മനുഷ്യജീവിതം എത്ര സ്‌നേഹമുള്ളതാകണമെന്നും സഹജീവികളോട് എങ്ങനെ കരുണ കാണിക്കണമെന്നും ഈ പുണ്യമാസം നമ്മെ പഠിപ്പിക്കുന്നു.
വിശുദ്ധികള്‍ നിറഞ്ഞ ഒരു നാട്ടിന്‍പുറത്താണ് ജനിച്ചുവളരാന്‍ കൃപ ലഭിച്ചത്. പ്രകൃതിസുന്ദരമായ ഗ്രാമഭൂമിക. അവിടെ പൂക്കള്‍ വര്‍ണഭംഗി. സ്‌നേഹത്തിന്റെ സുഗന്ധം, കാറ്റില്‍ അത് നിറഞ്ഞൊഴുകി. കൃഷിയിടങ്ങളും നെല്‍വയലുകളും സമൃദ്ധിയുടെ അടയാളമായി. പുഴ ഒരു സംഗീതംപോലെ ഒഴുകികൊണ്ടിരുന്നു. എല്ലാ അവസ്ഥയിലും പ്രകൃതി അനുഗ്രഹിച്ച സുന്ദരഗ്രാമം. അവിടെ ആ വിശുദ്ധമായ അന്തരീക്ഷത്തിന്റെ ആത്മീയത മുഴുവന്‍ ഉള്‍ക്കൊണ്ട് വളരാന്‍ പ്രേരണയായത് അമ്മ ചൊല്ലി പഠിപ്പിച്ച പ്രാര്‍ഥനകളാണ്. ജീവിതം തന്നെ ഒരു പ്രാര്‍ഥനാ അനുഭവമാക്കി മാറ്റിയ അമ്മ. ഓരോ ദിനത്തിന്റെയും ആദിമധ്യാന്തിമയാമങ്ങള്‍ അമ്മയുടെ പ്രാര്‍ഥനകളില്‍ സുരഭിലമായിരുന്നു. ഇപ്പോഴും ജീവിതത്തെ ഒരു പ്രാര്‍ഥനാനുഭവമാക്കി സൂക്ഷിക്കുന്നതിനു പ്രേരണയാകുന്നത് അമ്മയില്‍ നിന്ന് ഉള്‍ക്കൊണ്ട ആ പാഠമാണ്.
ഭക്ഷണത്തിനു അരി ഇടുമ്പോള്‍ അതിലൊരു ഭാഗം ഒരു പ്രത്യേകകലത്തില്‍ അമ്മ മാറ്റി വച്ചിരുന്നു. വീട്ടില്‍ ആഹാരസമയത്ത് ആരെങ്കിലും വന്നുചേര്‍ന്നാല്‍ അവരെ ഭക്ഷണത്തില്‍ പങ്കുചേര്‍ക്കുക എന്നത് കര്‍ക്കശ്യമായി അനുഷ്ഠിച്ചുപോന്ന ധര്‍മം. അങ്ങനെ ആരും എത്തിയില്ല എങ്കില്‍ ചേര്‍ത്തുവയ്ക്കുന്ന ധാന്യം മാസാന്ത്യത്തില്‍ സാധുക്കളെ കണ്ടെത്തി അവര്‍ക്കു പ്രത്യേകം സംഭാവന ചെയ്യുക എന്നതും അമ്മ പുലര്‍ത്തിപ്പോന്ന നിഷ്ഠ. ഇതില്‍നിന്നും ഞാന്‍ പഠിച്ച എളിമയുടെ പാഠം കുട്ടിക്കാലത്ത് മുതിര്‍ന്നവര്‍ നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ക്കുള്ള പണം പൂര്‍ണമായി ചെലവഴിക്കാതെ അതിലൊരു പങ്ക് നീക്കിവെക്കണമെന്ന ധാര്‍മികത. പിന്നീട് ജോലി കിട്ടുകയും പ്രതിമാസ ശമ്പളം ലഭ്യമാകുകയും ചെയ്തപ്പോള്‍ മുതല്‍ ഇന്നേവരെ നിശ്ചയമായും അതിലൊരു ചെറിയ അംശം എന്നേക്കാള്‍ ഭാഗ്യം കുറഞ്ഞ അര്‍ഹരായവര്‍ക്കുവേണ്ടി മാറ്റിവയ്ക്കുക എന്നത് ഒരിക്കലും മുടങ്ങാതെ തുടര്‍ന്നുപോരുന്ന ഒരു ജീവിതശൈലി. ഇതിന്റെ തുടക്കം അമ്മയുടെ മാതൃകയില്‍നിന്നാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
പരിസ്പരം തിരിച്ചറിവ് ഉണ്ടാകുക എന്ന മഹത്തായ സന്ദേശം കൂടിയാണ് ഒരോ നോമ്പുകാലവും നമുക്ക് സമ്മാനിക്കുന്നത്. അത് ജാതിക്കോ മതത്തിനോ അതീതമാണ്. കാലം വളരെ ദുഷിച്ചുകൊണ്ടിരിക്കുന്നു. വൃക്തിബന്ധങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഒന്നു പുഞ്ചിരി തൂകാന്‍ പോലും മടിക്കുന്ന മനുഷ്യര്‍. മൃഗങ്ങള്‍ക്കുള്ള സൗഹൃദമെങ്കിലും മനുഷ്യരില്‍നിന്നും പ്രതീക്ഷിക്കാവുന്നതല്ലേ. ഒരുവര്‍ഗത്തില്‍പ്പെട്ട രണ്ടു ജീവികള്‍ പരസ്പരം ആക്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ മനുഷ്യന്‍ മനുഷ്യനെ ആക്രമിക്കുന്നു. ഹിംസിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും മാനവികതയുടെ എല്ലാമാനങ്ങളും ലംഘിച്ചുകൊണ്ട് ക്രൂരമായി പീഡിപ്പിക്കുന്നു. ഇങ്ങനെ ദുഷിച്ചുകൊണ്ടിരിക്കുന്ന ജീവിതക്രമങ്ങളില്‍നിന്നും വ്യതിചലിക്കാന്‍ എനിക്കുള്ള പ്രേരണ കുട്ടിക്കാലത്ത് ഞാന്‍ ചൊല്ലി ശീലിച്ച് ഹൃദയത്തിലുറപ്പിച്ച എന്റെ പ്രാര്‍ഥനകളും മറ്റുള്ളവരോടുള്ള സ്‌നേഹവും സഹാനുഭൂതിയുമാണ്.
അമിതമായി ഭക്ഷണം കഴിക്കാനും ആഡംബരപൂര്‍ണമായ ജീവിതം നയിക്കാനും നമുക്കാര്‍ക്കും ഒരു അര്‍ഹതയുമില്ല. അന്നന്നത്തെ ആഹാരം, അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍, കഴിയാനൊരു വീട്, നമുക്ക് അത്യാവശ്യത്തിനുതകുന്ന ഒരു വാഹനം ഇതിലപ്പുറം മനുഷ്യജീവിതത്തില്‍ എന്താണ് വേണ്ടത്? അമിതഭോഗമോ ധനാസക്തിയോ ലഹരിയുടെ ഉപയോഗമോ ഒക്കെ മാനവികതയെ ഇല്ലായ്മ ചെയ്യുമെന്നു എന്റെ ബാല്യകാല ജീവിതാനുഭവങ്ങളില്‍നിന്നും ഞാന്‍ അഭ്യസിച്ചു. ജീവിതം സാമാന്യേന വ്രതനിഷ്ഠമാക്കാന്‍ എനിക്കു കഴിഞ്ഞുവെന്നു ദൈവാശ്രയത്തോടെ സത്യസന്ധമായി രേഖപ്പെടുത്തുന്നു. ഏതു പ്രത്യേക വ്രതാചരണവും നമ്മുടെ ജീവിതശൈലിയെ ശുദ്ധവും ലളിതവുമാക്കാനുള്ള പ്രേരണയാണു നല്‍കേണ്ടത്. നാം നോക്കുന്ന നോമ്പുകള്‍ ഒരു പ്രത്യേക സമയത്ത് – അത് ഒരു ദിവസമാകാം, ആഴ്ചയാകാം, ഒരു മാസമാകാം. തീവ്രമായി ആചരിക്കുമ്പോള്‍ അതു നമ്മുടെ ജീവിതത്തെ ആകെ ശുദ്ധീകരിക്കുന്ന നല്ല അനുഭവമായി മാറുകതന്നെ വേണം. റമസാന്‍കാലം ഇങ്ങനെ വിശുദ്ധിയിലേക്ക് നമ്മെ നയിക്കുന്ന മഹത്വത്തിന്റെ അനുഭവം സ്വന്തമാക്കാനുള്ള അവസരമാണ്. എന്റെ നോമ്പ് അനുഭവം ജീവിതത്തിന്റെ വിശുദ്ധീകരണവും സമസൃഷ്ടങ്ങളോടുള്ള എന്റെ സ്‌നേഹവും പരിത്യാഗശീലവും പൂര്‍ണമാക്കുന്നതിനു കൂടുതലായി ഇടവരുത്തണേയെന്നാണ് പ്രാര്‍ഥന.
.
.

---- facebook comment plugin here -----

Latest