ദേശീയ ഗെയിംസ്: മെഡല്‍ സജ്ജീകരിച്ചതിലും പിഴവെന്ന് റിപ്പോര്‍ട്ട്

Posted on: July 18, 2015 4:52 am | Last updated: July 17, 2015 at 7:55 pm
SHARE

national-games-2തിരുവനന്തപുരം: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലെ മെഡല്‍ സജ്ജീകരണങ്ങള്‍ക്ക് നടപടി ക്രമങ്ങളിലെ പിഴവ് മൂലം നഷ്ടം 20 ലക്ഷം രൂപ. കേന്ദ്രസര്‍ക്കാറിന്റെ മുംബൈയിലുള്ള മിന്റില്‍ നിന്നാണ് ദേശീയ ഗെയിംസ് ജേതാക്കള്‍ക്കുള്ള മെഡല്‍ വാങ്ങിയത്. മെഡലുകളുടെ സ്‌പെസിഫിക്കേഷന്‍ നിരക്ക്, മറ്റ് വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് നമ്പര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുകയും ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഓര്‍ഡര്‍ ലഭിച്ച് രണ്ടാഴ്ചക്കുള്ളില്‍ കരാര്‍ വെക്കണമെന്നായിരുന്നു വ്യവസ്ഥ. ഓര്‍ഡര്‍ അംഗീകരിക്കുന്നപക്ഷം 1.29 കോടി രൂപയുടെ 30 ശതമാനം തുക അഡ്വാന്‍സായി നല്‍കുമെന്നും ബാക്കി 70 ശതമാനം തുക മെഡല്‍ കൈമാറിയ ശേഷം നല്‍കുമെന്നും പര്‍ച്ചേസ് ഓര്‍ഡറില്‍ വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍ കരാര്‍ വെക്കുന്നതിന് പകരം ഐ ജി എം ജനറല്‍ മാനേജരുടെ പേരില്‍ വാങ്ങിയ 100 രൂപയുടെ മുദ്രപ്പത്രമാണ് നല്‍കിയത്. മെഡല്‍ പ്രൊക്യുര്‍മെന്റ് നടപടികള്‍ 2013 ജൂലൈ 17 മുതല്‍ ആരംഭിച്ചെങ്കിലും അഡ്വാന്‍സ് നല്‍കി പര്‍ച്ചേസ് ഓര്‍ഡര്‍ ഉറപ്പിച്ചത് ദേശീയ ഗെയിംസ് തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മാത്രമാണ്. മെഡല്‍ വാങ്ങല്‍ നടപടി ക്രമങ്ങളില്‍ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്റെ ഭാഗത്തു നിന്ന് ഗുരുതര കാല താമസമാണ് ഉണ്ടായത്. കരാര്‍ വെക്കുന്നതിന് മാസങ്ങള്‍ക്ക് പര്‍ച്ചേസ് സെക്ഷന് ഫയല്‍ കൈമാറിയെങ്കിലും നിര്‍ഭാഗ്യവശാല്‍ കരാര്‍ വെക്കാന്‍ കഴിഞ്ഞില്ലെന്നും ജനുവരി 24 ന് മെഡല്‍ നല്‍കാന്‍ ഐ ജി എം തയ്യാറായ സാഹചര്യത്തില്‍ 30 ശതമാനം തുക അഡ്വാന്‍സ് നല്‍കി കരാര്‍ ഉറപ്പിക്കണമെന്നുമാണ് ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് 38.98 ലക്ഷം രൂപ ഐ ജി എം മുംബൈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. മെഡല്‍ കെയ്‌സ് ഉള്‍പ്പെടെ 3200 മെഡലുകള്‍ക്കാണ് 1.29 കോടി രൂപ ഐ എം ജി കോട്ട് ചെയ്തതും എന്‍ ജി എസ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതും.
എന്നാല്‍ മെഡല്‍ കൈമാറുന്നതിന് മുമ്പ് മെഡല്‍ കെയ്‌സിന്റെ വിലയായി 8.64 ലക്ഷം രൂപ അധികമായി നല്‍കണമെന്നായിരുന്നു ഐ ജി എമ്മിന്റെ ആവശ്യം. സാധാരണ നിര്‍മിക്കുന്ന മെഡല്‍ കെയ്‌സില്‍ നിന്ന് വ്യത്യസ്ഥമായി ലോകോത്തര നിലവാരമുള്ള മെഡല്‍ കെയ്‌സ് തയ്യാറാക്കി എന്നതാണ് ഐ ജി എം അധിക തുക ആവശ്യപ്പെടാനുള്ള കാരണം.
എന്നാല്‍ ക്വട്ടേഷനില്‍ മെഡല്‍ കെയ്‌സിന് പ്രത്യേകം സ്‌പെസിഫിക്കേഷനോ വിലയോ നിശ്ചയിച്ചിരുന്നില്ല. മാത്രമല്ല മെഡല്‍ കെയ്‌സ് ഉള്‍പ്പെടെയാണ് ഓരോ മെഡലിന്റെയും വില രേഖപ്പെടുത്തിയിരുന്നത്. ദേശീയ ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ നിയമ പ്രാബല്യമുള്ള കരാര്‍ വെക്കാത്തതിനാല്‍ ഐ ജി എം ആവശ്യപ്പെട്ട തുക നല്‍കി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് തുക വാങ്ങുകയായിരുന്നു. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ച് 60 ദിവസത്തിനുള്ളില്‍ മെഡലുകളുടെ സാമ്പിള്‍ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്റെ പരിശോധനക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. കൂടാതെ അത് അംഗീകരിച്ചു കൊണ്ട് രേഖാമൂലം അറിയിപ്പ് കിട്ടിയതിന് ശേഷമേ മെഡല്‍ നിര്‍മാണം ആരംഭിക്കാവൂ എന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഐ ജി എം സാമ്പിള്‍ നല്‍കുകയോ മെഡലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തകയോ ചെയ്തിട്ടില്ല. മെഡലുകള്‍ക്ക് അധികം ഓര്‍ഡര്‍ നല്‍കിയതിലും 11.16 ലക്ഷം രൂപയുടെ പാഴ് ചെലവ് ഉണ്ടായിട്ടുണ്ട്. കത്ത് പ്രകാരം 71 സ്വര്‍ണം, അത്രയം തന്നെ വെള്ളി, 121 വെങ്കലം എന്നിങ്ങനെ 263 മെഡലുകള്‍ അധികമായി ആവശ്യപ്പെട്ട് ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് ഐ ജി എമ്മിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി. എന്നാല്‍ പഴയ ക്വട്ടേഷന്‍ നിരക്ക് അംഗീകരിക്കാതെ പുതിയ നിരക്കുകളും പാക്കിംഗ് ചാര്‍ജ്ജും ഉള്‍പ്പെടുത്തി ഐ ജി എം 11.16 ലക്ഷം രൂപ ക്വട്ടേഷന്‍ സമര്‍പ്പിച്ച് 263 മെഡലുകള്‍ അധികം വാങ്ങുകയായിരുന്നു.കൂടാതെ വിതരണം ചെയ്ത മെഡലുകള്‍ക്ക് വ്യക്തമായ കണക്കുകളില്ല. ഗെയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വിവരങ്ങളും കൃത്യമല്ല. ഗെയിംസിന് ശേഷം ബാക്കിവന്ന മെഡലുകള്‍ ഡി ഒ സികളില്‍നിന്ന് എന്‍ ജി എസ് തിരികെ വാങ്ങിയിട്ടില്ല.
ഔദ്യോഗിക വെബ്‌സൈറ്റനുസരിച്ച് 974 സ്വര്‍ണം, അത്രയും തന്നെ 1210 വെങ്കലം എന്നിങ്ങനെ 3158 മെഡലുകള്‍ വിജയികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ വിവിധ ഡി ഒ സികളും ഗെയിംസ് സെക്രട്ടേറിയറ്റിലുമായി 117 സ്വര്‍ണം. 116 വെള്ളി. 141 വെങ്കലം എന്നിങ്ങനെ മെഡലുകള്‍ ബാക്കിയുണ്ട്. ഇതില്‍ നിന്ന് ആകെ 3089 മെഡലുകള്‍ മാത്രമാണ് വിതരണം ചെയ്തതെന്നാണ് വ്യക്തമാകുന്നത്.