മാനവരാശിക്കു നേരെയുള്ള കൈയേറ്റങ്ങളെ പ്രതിരോധിക്കണം: കാന്തപുരം

Posted on: July 18, 2015 12:38 am | Last updated: July 17, 2015 at 7:52 pm
SHARE

kanthapuramകോഴിക്കോട്: മാനവരാശിക്കു നേരെയുള്ള കൈയേറ്റങ്ങള്‍ മനുഷ്യത്വത്തിന്റെയും ആത്മീയതയുടെയും പക്ഷത്തു നിന്ന് പ്രതിരോധിക്കുവാനുള്ള പ്രതിജ്ഞ പുതുക്കാന്‍ ഈദ് ദിനം പ്രയോജനപ്പെടുത്തണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈദ് സന്ദേശത്തിന്‍ പറഞ്ഞു. മതത്തിന്റെയും ദേശീയതയുടെയും പ്രാദേശികതയുടെയും പേരില്‍ ആയുധമെടുത്ത മുഴുവന്‍ ഭീകരവാദികളും ആയുധം താഴെ വെക്കാന്‍ തയ്യാറാകണം. യുദ്ധരഹിതമായ പുതിയൊരു ലോകക്രമത്തിന് രാഷ്ട്രനേതാക്കള്‍ തന്നെ മുന്‍കൈയെടുക്കണം.
ഈദുല്‍ ഫിത്വര്‍ ഈടുറ്റ സാമൂഹിക ബന്ധങ്ങളുടെ സൃഷ്ടിപ്പിനുള്ളതാണ്. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ ഐക്യവും സമാധാനപൂര്‍ണമായ ജീവിതവുമാണ് ഉദ്‌ഘോഷിക്കുന്നത്. വേര്‍തിരിവുകള്‍ക്കതീതമായി സ്‌നേഹത്തിന്റെ പങ്കുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന പൊതുഇടങ്ങള്‍ ഗ്രാമങ്ങളില്‍ പോലും ഇല്ലാതാവുകയാണ്. നഷ്ടമായി കൊണ്ടിരിക്കുന്ന നമ്മുടെ പൊതുഇടങ്ങളെ തിരിച്ചുപിടിക്കാനുള്ള ജാഗ്രത്തായ ശ്രമങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ അവസരം കാണണം.
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെ വേദനപ്പിക്കുന്ന വാര്‍ത്തകളാണ് റമസാനില്‍ പോലും നാം കേട്ടത്. കൊച്ചുകുഞ്ഞുങ്ങളോടും വാര്‍ധക്യത്തിന്റെ അവശപര്‍വ്വം താണ്ടുന്ന മാതാപിതാക്കളോടും കൊടുംക്രൂരത ചെയ്യുന്നവരെ മനുഷ്യരായി കാണാനാവില്ല. ഇത്തരക്കാര്‍ വര്‍ധിക്കുന്നതില്‍ തകരുന്ന കുടുംബ വ്യവസ്ഥക്കും മാറുന്ന സാമൂഹിക ശീലങ്ങള്‍ക്കും വലിയ പങ്കുണ്ട്. കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തിയും സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാക്കിയും സാമൂഹിക കുടുംബ ബന്ധങ്ങളെ പരിരക്ഷിക്കാന്‍ പെരുന്നാള്‍ദിനം പ്രത്യേകം സമയം കാണണം.
രോഗങ്ങളാലും ദാരിദ്രത്താലും ദുരിതമനുഭവിക്കുന്നരെ സമാശ്വസിപ്പിക്കാനും പെരുന്നാളിന്റെ സന്തോഷം അവര്‍ക്കും ലഭ്യമാക്കാനും നാം ശ്രദ്ധിക്കണം. ഈദുല്‍ ഫിത്വ്‌റിന്റെ ഭാഗമായി നല്‍കുന്ന ഫിത്വര്‍ സകാത്ത് കേവലമൊരു അനുഷ്ഠാനമല്ല. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള സാമൂഹികബന്ധം ശക്തിപ്പെടുത്തലാണ്. ഇത്തരത്തില്‍ ഈദിന്റെ ഓരോ അനുഷ്ഠാനവും സാമൂഹികബോധം ഉള്‍കൊള്ളുന്നവയാണ്.
സ്വന്തത്തെ പുതുക്കിപ്പണിയാനും വിജയത്തിലേക്ക് നയിക്കാനുമുള്ള മഹത്തായ ജീവിതപാഠങ്ങള്‍ ആര്‍ജിച്ചവരുടെ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍. പൈശാചികതയെ കീഴടക്കി മാലാഖമാരുടെ വിശുദ്ധിയിലേക്കുയര്‍ന്ന മനുഷ്യരുടെ ആഹ്ലാദസുദിനം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം നല്ല ജീവിതത്തിനായുള്ള മികച്ച പരിശീലനമായിരുന്നു. സമത്വം, സാഹോദര്യം, കാരുണ്യം, സാമൂഹിക ബോധം തുടങ്ങി സമാധാനജീവിതത്തിനാവശ്യമായ ആശയങ്ങളും സദ്ഗുണങ്ങളും പകരുന്നവയായിരുന്നു റമസാനിലെ ഓരോ കര്‍മങ്ങളും.
ഈ മഹത്തായ പാഠങ്ങള്‍ തുടര്‍ജീവിതത്തിലും പ്രയോഗവത്കരിക്കുന്നതിലൂടെ ശാശ്വത വിജയവും സമാധാനവും നേടാനാകും. അതിനുള്ള സന്നദ്ധത വിളംബരം ചെയ്യുകയാണ് ആഘോഷത്തിലൂടെ ചെയ്യുന്നത്. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ഈ സുദിനം ചൈതന്യവത്താക്കാന്‍ നമുക്ക് കഴിയണം. അനുഗ്രഹങ്ങളില്‍ സ്രഷ്ടാവിനെ സ്തുതിച്ച്, വ്രതം പകര്‍ന്ന പരിശുദ്ധി നഷ്ടപ്പെടുത്താതെ നല്ല ജീവിതം നയിക്കണമെന്നും കാന്തപുരം പറഞ്ഞു.