നഗരസഭാ ചെയര്‍മാന് പോലീസ് സംരക്ഷണം നല്‍കണം: പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍

Posted on: July 17, 2015 9:37 am | Last updated: July 17, 2015 at 9:37 am
SHARE

ഗുരുവായൂര്‍: കുന്ദംകുളം നഗരസഭചെയര്‍മാന്‍ സി കെ ഉണ്ണികൃഷ്ണന്റെ ഔദ്യോഗിക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതും,കായികമായി കൈയ്യേറ്റം ചെയ്തതും സമ്പന്ധിച്ച് എ ഡി ജി പി (സ്‌പെഷല്‍ സെല്‍) അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും, ഔദ്യോഗിക ക്യത്യനിര്‍വഹണം നടത്തുന്നതിനും പോലീസ് സംരക്ഷണം നല്‍കുവാനും കുന്ദംകുളം ഡി വൈ എസ് പി ക്ക് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കൊടുങ്ങലൂര്‍ താലൂക്ക് എറിയാട് സ്വദേശിയും പട്ടികജാതിക്കാരനുമായ എ കെ സുബ്രുവിന് തന്റെ അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തി അളന്നു തിരിച്ച് പട്ടയം വീണ്ടും നല്‍കുന്നതിന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് ഉത്തരവ് നല്‍കി. കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിനിയായ കെ ജെ ഗ്രീഷ്മയ്ക്ക് കുടിശ്ശികയായ വിദ്യാഭ്യാസാനുകൂല്യം ജുലൈ 20 ന് മുന്‍പ് വിതരണം ചെയ്തു കമ്മീഷനെ അറിയിക്കണം.
മൂന്നുപുരയ്ക്കല്‍ വേലായുധന്റെ വഴി തടസ്സപെടുത്തുന്നു എന്നതുമായി ബന്ധപ്പെട്ടസിവില്‍കേസ് തീര്‍പ്പാകുന്നതുവരെ എതിര്‍കക്ഷികളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് പോലീസ് സംരക്ഷണം നല്‍കണം. കേരള സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്റെ ഗുരുവായൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റിട്ട ജഡ്ജ് പി എന്‍ വിജയകുമാര്‍, അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വക്കറ്റ് കെ കെ മനോജ് എന്നിവര്‍ ലൈബ്രറി ഹാളില്‍ നടന്ന അദാലത്തില്‍ പരാതികള്‍ പരിഗണിച്ചു. 17 കേസ്സുകളില്‍ 12 കേസ്സുകള്‍ തീര്‍പ്പുകര്‍പ്പിച്ചു. പുതിയതായി 40 പരാതികള്‍ ലഭിച്ചു. പുതിയ പരാതികളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് 30 ദിവസത്തിനകം മറുപടി തേടി വിചാരണ നടത്തുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
സബ് കളക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ ശാന്താമണി,ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ പി.എ വര്‍ഗീസ്, ആര്‍.ജയചന്ദ്രന്‍പിള്ള,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.