ഒഴിഞ്ഞ പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഏറെ; പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല

Posted on: July 17, 2015 8:55 am | Last updated: July 17, 2015 at 8:55 am
SHARE

കല്‍പകഞ്ചേരി: വളവന്നൂര്‍, കല്‍പകഞ്ചേരി പഞ്ചായത്തുകളില്‍ ഉപയോഗ ശൂന്യമായ കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളും ഏറെയുണ്ടെങ്കിലും ഇവ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.
വ്യത്യസ്ഥ വകുപ്പുകള്‍ക്ക് കീഴില്‍ ഏക്കര്‍ കണക്കിന് ഭൂമിയും പണി പൂര്‍ത്തീകരിച്ചതും നശിച്ചുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുമാണ് ഇത്തരത്തിലുള്ളത്. ആഭ്യന്തരം, ആരോഗ്യം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയില്‍ ആദ്യന്തര വകുപ്പിന് സ്വന്തമായി കൂടുതല്‍ സ്ഥലമുള്ളത് കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടാണ്. സ്‌റ്റേഷന്‍ കെട്ടിടവും ക്വാര്‍ട്ടേഴ്‌സും ഒഴിച്ചുള്ള ഏക്കറിലധികം വരുന്ന സ്ഥലം തൊണ്ടി വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത കല്‍പകഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഏക്കര്‍ കണക്കിന് ഭൂമി ഉപയോഗമില്ലാതെ കിടക്കുകയാണ്. വളവന്നൂര്‍ വില്ലേജ് ഓഫീസിന് മുന്നിലും സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്.
കടുങ്ങാത്തുകുണ്ടിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപത്ത് മൂന്ന് കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ത്യാ പോപ്പുലേഷന്‍ ട്രെയിനിംഗ് സെന്ററിന് വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളാണിത്. ഈ ആവശ്യത്തിന് കുറഞ്ഞ കാലമാണ് ഉപയോഗപ്പെടുത്തിയത്. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ വനിത പോളിടെക്‌നിക്കായി പ്രവര്‍ത്തിച്ചു.
പുതുപറമ്പില്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ചതോടെ പോളിടെക്‌നിക് ഇതിലേക്ക് മാറ്റി. അതിനുശേഷം അഞ്ചുവര്‍ഷമായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എട്ട് ഏക്കര്‍ സ്ഥലം ആരോഗ്യവകുപ്പിന്റെ കൈവശത്തിലുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് കുണ്ടം പിടാവില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിച്ച വനിതാ വ്യവസായ പാര്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി കാടുമൂടി നശിക്കുകയാണ്. വിശാലമായ ഹാളുകള്‍, വിശ്രമകേന്ദ്രം, സെക്യൂരിറ്റി പോസ്റ്റ്, ടോയ്‌ലറ്റുകള്‍, ചുറ്റുമതില്‍ എന്നിവ ഇവിടെയുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടം പണിതു എന്നല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല.
വനിതകളെ വ്യവസായ രംഗത്തേക്ക് കൊണ്ടുവരാന്‍ നിര്‍മിച്ച വ്യവസായ കേന്ദ്രത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനുമായിരുന്നില്ല. കടുങ്ങാത്തുകുണ്ട് ടൗണിന്റെ കണ്ണായ സ്ഥലത്ത് സുന്ദരമായ ഒരു കെട്ടിടം അണിയിച്ചൊരുക്കിയിട്ട് വര്‍ഷങ്ങളായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതാണ് കെട്ടിടം. ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ നഷ്ടപ്പെടുമ്പോഴാണ് ഏക്കര്‍ കണക്കിന് സ്ഥലവും കെട്ടിടങ്ങളും ഒഴിഞ്ഞുകിടക്കുന്നത്. ബന്ധപ്പെട്ട ജനപ്രതിനിധികള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.