Connect with us

Malappuram

നഷ്ടപ്പെട്ട പണം തേടി നാരായണനും ഉടമയെ അന്വേഷിച്ച് മുസ്തഫയും; ഒടുവില്‍ വാട്‌സ് ആപ്പ് സന്ദേശം തുണയായി

Published

|

Last Updated

തിരൂര്‍: റോഡരികില്‍ നിന്നും കണ്ടുകിട്ടിയ പണപ്പൊതി അതിന്റെ യഥാര്‍ഥ ഉടയെ ഏല്‍പ്പിച്ച ആത്മനിര്‍വൃതിയിലാണ് പൊന്‍മുണ്ടം സ്വദേശി വലിയപീടിയേക്കല്‍ മുസ്തഫ.
കഴിഞ്ഞ രണ്ടു ദിവസമായി പണത്തിന്റെ ഉടമയെ തേടിയുള്ള അലച്ചിലിലായിരുന്നു മുസ്തഫയും കൂട്ടുകാരന്‍ ഹനീഫയും. ശേഷം വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ യഥാര്‍ഥ ഉടമ തിരൂര്‍ ജി എം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ കെ എന്‍ നാരായണന്റേതാണ് പണപ്പൊതിയെന്ന് കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് തിരൂരില്‍ നിന്നും പെരുവഴിയമ്പലം വരെയുള്ള യാത്രക്കിടയിലായിരുന്നു നാരായണന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണപ്പൊതി നഷ്ടമായത്. എന്നാല്‍ കാല്‍നട യാത്രക്കിടെ 43,000 രൂപയും ഇന്‍ഷ്വറന്‍സ് ബില്ലിന്റെ പകര്‍പ്പും അടങ്ങിയ പണപ്പൊതി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും മുസ്തഫക്ക് ലഭിക്കുകയായിരുന്നു. പണത്തിന്റെ ഉടമയെ കണ്ടെത്താന്‍ ബില്ലിന്റെ പകര്‍പ്പുമായി പരിസരത്തെ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളിലെല്ലാം മുസ്ഫ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല.പിന്നീട് തിരൂരിലെ പൊതു പ്രവര്‍ത്തകനായ വി അബ്ദുറഹ്മാന് വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം തിരൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറകയും തിരൂര്‍ പ്രസ്‌ക്ലബ്ബിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പണം കണ്ടുകിട്ടിയതായ സന്ദേശം ഇടുകയുമായിരുന്നു.
പണം നഷ്ടമായ വിവരം പത്ര പരസ്യം ചെയ്യുന്നതിനായി മാധ്യമപ്രവര്‍ത്തകരെ സമീപിച്ച നാരായണന്റേതാണ് കണ്ടുകിട്ടിയ പണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ സ്ഥരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് 12.30ന് തിരൂര്‍ പ്രസ്‌ക്ലബ്ബ് പരിസരത്ത് മുസ്തഫ പണവും രേഖയും നാരായണന് കൈമാറി. പൊന്‍മുണ്ടം ബെസ്റ്റ് വൂഡ് ഇന്‍ഡസ്ട്രി ഉടമയാണ് മുസ്തഫ.