Connect with us

Malappuram

തസ്തികയായി; കൊണ്ടോട്ടി സപ്ലൈ ഓഫീസ് ഉടന്‍ തുടങ്ങും

Published

|

Last Updated

കൊണ്ടോട്ടി: താലൂക്ക് സപ്ലൈ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനര്‍വിന്യാസം, പുതുതായി സൃഷ്ടിക്കുന്ന തസ്തിക എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി കെ മുഹമ്മദുണ്ണിഹാജി എം എല്‍ എ അറിയിച്ചു.
കൊണ്ടോട്ടിയടക്കം 12 പുതിയ സപ്ലൈ ഓഫീസ് തുടങ്ങുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ പുതിയ കെട്ടിടം കണ്ടെത്തി ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമാകും. കൊണ്ടോട്ടി സപ്ലൈ ഓഫീസിലേക്ക് രണ്ട് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരെ പുനര്‍വിന്യാസം വഴി നിയമിക്കാനും 14 തസ്തികകള്‍ സൃഷ്ടിക്കാനും ഉത്തരവായി. ടി എസ് ഒ, എ ടി എസ് ഒ (ഒന്ന് വീതം), ആര്‍ ഐ (മൂന്ന്), സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക് (മൂന്ന് വീതം), ടൈപ്പിസ്റ്റ് (ഒന്ന്), ഓഫീസ് അസിസ്റ്റന്റ് (രണ്ട്), ഡ്രൈവര്‍, പി ടി എസ് (ഒന്ന് വീതം) തുടങ്ങി 16 തസ്തികകളാണ് ഉണ്ടാവുക.
താലൂക്ക് സപ്ലൈ ഓഫീസ് അനുവദിക്കന്നതോടൊപ്പം പുതിയ തസ്തികയും അനുവദിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് മുഹമ്മദുണ്ണി ഹാജി എം എല്‍ എ പറഞ്ഞു. കൂടാതെ മണ്ഡലത്തില്‍ പുതിയ ഗവ. ഐ ടി ഐ സ്ഥാപിക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
വാഴക്കാട് ഗ്രാമപഞ്ചായത്ത് സൗജന്യമായി നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്താകും പുതിയ ഗവ. ഐ ടി ഐ സ്ഥാപിക്കുകയെന്നും എം എല്‍ എ അറിയിച്ചു.