വഖഫ് സ്വത്ത് കൈയേറിയെന്ന കേസ് കോടതി തള്ളി

Posted on: July 17, 2015 8:44 am | Last updated: July 17, 2015 at 8:44 am
SHARE

 

കൊയിലാണ്ടി: കൊല്ലം ജുമുഅത്ത് പള്ളി വക വഖഫ് സ്വത്ത് മഹല്ല് ഖാസിയായിരുന്ന മുഹമ്മദ് ബിന്‍ ശൈഖ് ഹമദാനി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന് കാണിച്ച് പള്ളി കമ്മിറ്റി കോഴിക്കോട് വഖഫ് ട്രൈബൂണലില്‍ ഫയല്‍ ചെയ്ത കേസ് തള്ളി. ജുമുഅത്ത് പള്ളിക്ക് മുന്‍വശമുള്ള സ്ഥലവും മര്‍കസ് മാലിക് ദീനാര്‍ നിര്‍മിച്ച സ്ഥലവും കൈയേറിയതാണെന്ന് ആരോപിച്ചായിരുന്നു കേസ് കൊടുത്തത്. ഖാസിയാര്‍ വഖ്ഫായി നല്‍കിയ സ്ഥലത്ത് മര്‍കസ് സ്ഥാപനത്തിന്റെ നിര്‍മാണം ആരംഭിച്ചതോടെയാണ് ചിലര്‍ കള്ളക്കഥകള്‍ മെനഞ്ഞ് കേസിനായി ഇറങ്ങി തിരിച്ചത്. പാറപ്പള്ളി മര്‍കസിന്റെ നിര്‍മാണം തടഞ്ഞുവെക്കാന്‍ സ്റ്റേ ലഭിക്കുന്നതിന് ഹരജി നല്‍കിയെങ്കിലും കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പള്ളിക്കമ്മിറ്റിയുടെ പരാതി കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത കേസില്‍ വിചാരണ പരാതിക്കാര്‍ തന്നെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ജൂലൈ 13 ന് വിചാരണക്ക് വിളിച്ച കേസില്‍ ജുമുഅത്ത് പള്ളിക്ക് മുന്‍വശമുളള സ്ഥലവും മര്‍കസിന്റെ പേരിലുള്ള സ്ഥലവും കൈയേറിയതാണെന്ന് തെളിയിക്കുന്നതിന് കോടതിയില്‍ ഹാജരാകാനും തെളിവ് കൊടുക്കാനും കേസ് കൊടുത്തവര്‍ക്ക് സാധിച്ചില്ല. ഇതേതുടര്‍ന്ന് കോടതി കേസ് തള്ളുകയായിരുന്നു. എതിര്‍ കക്ഷികള്‍ക്ക് വേണ്ടി അഡ്വ. ബി വി എം റാഫി ഹാജരായി.