ബസപകടം: നാട്ടുകാര്‍ സര്‍വീസുകള്‍ തടഞ്ഞു

Posted on: July 17, 2015 8:32 am | Last updated: July 17, 2015 at 8:33 am
SHARE

പേരാമ്പ്ര: മോട്ടോര്‍ ബൈക്ക് യാത്രക്കാര്‍ ബസിടിച്ച് മരണപ്പെടാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഉള്ള്യേരി, പേരാമ്പ്ര വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളാണ് പ്രതിഷേധക്കാര്‍ തടഞ്ഞിട്ടത്. ബസുകള്‍ തടയുന്ന വിവരം ല’ഭിച്ചതിനെത്തുടര്‍ന്ന് ഈ റൂട്ടിലെ സ്വകാര്യബസുകള്‍ വഴിയില്‍ സര്‍വീസ് ഉപേക്ഷിച്ചു. ഇത് യാത്രക്കാരെ വലച്ചു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സിയാണ് പിന്നീട് യാക്ക്രാര്‍ക്ക് തുണയായത്. അപകടം നടന്ന മുളിയങ്ങലില്‍, വാഹനം തടഞ്ഞത് മരണപ്പെട്ട യുവാക്കളുടെ നാട്ടുകാരാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ ബൈക്ക് യാത്രക്കാരായ മൂലാട്ടെ നടുവിലണ്ടി സജീവന്‍ (40) സഹപ്രവര്‍ത്തകന്‍ പുത്തലത്ത് സുമേഷ് (28) എന്നിരാണ് മരണപ്പെട്ടത്. ഇരുവരും നിര്‍മാണ തൊഴിലാളികളാണ്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം. ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെച്ചതോടെ സമരക്കാര്‍ പിന്‍വാങ്ങിയെങ്കിലും പിന്നീട് സര്‍വീസ് നടത്താന്‍ തൊഴിലാളികള്‍ തയാറായില്ല. അടുത്ത കാലത്തായി ഒട്ടേറെ അപകടങ്ങള്‍ ഇവിടെയും പരിസരങ്ങളിലുമായി നടന്നിട്ടുണ്ട്. നിയന്തണം വിട്ട് ടിപ്പര്‍ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ഥിയും വല്ല്യമ്മയും മരണപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് നാട്ടുകാര്‍ മോചിതരായി വരുന്നതിനിടയിലാണ് വീണ്ടും രണ്ട് പേരുടെ ദാരുണാന്ത്യമുണ്ടായത്.

 

അനിശ്ചിതമായി സര്‍വീസ്
നിര്‍ത്തിവെക്കുമെന്ന് ബസുടമകള്‍

വടകര: ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തി വെക്കുമെന്ന് ബസുടമകള്‍. വടകര മാര്‍ക്കറ്റ് റോഡില്‍ തലങ്ങും വിലങ്ങും ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ യാതൊരു ട്രാഫിക് നിയമങ്ങളും പാലിക്കാതെ നിര്‍ത്തിയിടുന്നത് മാര്‍ക്കറ്റ് റോഡ് മുതല്‍ കോട്ടപ്പറമ്പ് ബസ്സ്റ്റാന്‍ഡ് വരെയുള്ള റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുകയാണെന്ന് വടകര താലൂക്ക് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
ഗതാഗത തടസ്സം കാരണം തലശ്ശേരി, തൊട്ടില്‍പ്പാലം ഭാഗങ്ങളില്‍ നിന്ന് വടകര പുതിയ ബസ്സ്റ്റാന്‍ഡിലെത്തേണ്ട ബസുകളും പേരാമ്പ്ര, ചാനിയംകടവ്, കൊയിലാണ്ടി, തണ്ണീര്‍ പന്തല്‍, ആയഞ്ചേരി, തീക്കുനി, കൊളാവിപ്പാലം ഭാഗങ്ങളില്‍ നിന്ന് കോടപ്പറമ്പ് പഴയ ബസ്സ്റ്റാന്‍ഡിലെത്തേണ്ട ബസുകളും കൃത്യമായി സമയ പരിധിക്കുള്ളില്‍ സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നും അഞ്ച്‌വിളക്ക് ജംഗ്ഷന്‍ മുതല്‍ ലിങ്ക് റോഡ് ജംഗ്ഷന്‍ വരെ വണ്‍വേ ആക്കണമെന്നും മാര്‍ക്കറ്റ് റോഡില്‍ വലിയ ലോറികളുടെ കയറ്റിറക്ക് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.