Connect with us

Malappuram

മര്‍കസ് ജനകീയ ജൈവ കൃഷിക്ക് തുടക്കമിടുന്നു

Published

|

Last Updated

മലപ്പുറം: വിദ്യാഭ്യാസ രംഗത്തും ജീവകാരുണ്യ രംഗത്തും ഒട്ടേറെ പദ്ധതികളും മാതൃകകളും സംഭാവനചെയ്ത കാരന്തൂര്‍ മര്‍കസ് ജനകീയ ജൈവ കൃഷിക്ക് തുടക്കമിടുന്നു. പാരമ്പര്യ കാര്‍ഷിക രീതികളെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി സൗഹൃദ കൃഷിയിലൂടെ മലയാളികള്‍ക്ക് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഴയകാല ഗ്രാമ കാഴ്ചകള്‍ തിരിച്ചു പിടിക്കുക എന്ന ഉദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതി മസ്‌റ ( മര്‍കസ് അലയന്‍സ് ഫോര്‍ സീറോ വേസ്റ്റ് മാനേജ്‌മെന്റ്, റീഫോറസ സ്റ്റേഷന്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍) എന്ന പേരിലാണ് അറിയപ്പെടുക. പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ മുതല്‍ മുടക്കില്‍ പ്രധാന ഫാമിന്റെ നിര്‍മാണം കോഴിക്കോട് താമരശ്ശേരിയിലെ പുതുപ്പാടിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇരുപത് ഏക്കറില്‍ അത്യാധുനിക സംവിധാനത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ ഡയറി ഫാം, ഗോട്ട് ഫാം, പൗള്‍ട്രി ഫാം, അഗ്രി ഫാം, അക്വാ കള്‍ച്ചര്‍ ഫാം എന്നിവയാണ് ഇപ്പോള്‍ ഇവിടെ ഒരുങ്ങുന്നത്. അഗ്രി ഫാമില്‍ ഗ്രീന്‍ ഹൗസ് കള്‍ട്ടിവേഷന്‍, ഓപണ്‍ സിസ്റ്റം ഫാമിംഗ് എന്നീ അത്യാധുനിക സൂക്ഷ്മ കൃഷി രീതികള്‍ സജ്ജീകരിക്കും. ഡയറി ഫാമില്‍ അറുപത് പശുക്കളെയാണ് ആദ്യഘട്ടത്തില്‍ വളര്‍ത്തുക. ഇത് പിന്നീട് കൂടുതല്‍ പശുക്കളെ ഉള്‍പ്പെടുത്തി കേരളത്തിലെ തന്നെ ഒന്നാംകിട ഹൈടെക് ഡയറി ഫാമാക്കി മാറ്റും. അന്യം നിന്ന് പോകുന്ന നാടന്‍ ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, ചെറുവള്ളി കുള്ളന്‍ എന്നിവയും വിദേശ ജനുസ്സുകളില്‍പ്പെട്ട പശുക്കളും ഫാമിലുണ്ടാകും. അക്വാ ഫാമില്‍ ഭക്ഷ്യ യോഗ്യമായ മത്സ്യങ്ങള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നാടന്‍ മത്സ്യങ്ങളായ പാവുകന്‍, പാലാന്‍, ഒഴുക്കിലട്ടി, വരാല്‍, കൊയ്ത്ത എന്നിവക്കും പ്രത്യേകം സങ്കേതങ്ങളൊരുക്കും. അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍ക്ക് പകരം നാടന്‍ വിത്തുകളും രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള കൃഷിയിലൂടെ മലയാളിയുടെ ആരോഗ്യവും കൃഷി സംസ്‌കാരവും വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. കൂടാതെ ഓരോ അടുക്കളയിലും ജൈവ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ട അവബോധം ഉള്‍ക്കൊണ്ട് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പഴയകാല ശാസ്ത്രീയ കൃഷി രീതിയിലേക്ക് മടങ്ങി വാരാനും, അത് മനസ്സിലാക്കാനും അവസരമുണ്ടാകും.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക, മൃഗ സംരക്ഷണ മേഖലയില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി ഫാമില്‍ തന്നെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. കൂടാതെ വിവിധയിടങ്ങളില്‍ സാറ്റലൈറ്റ് ഫാമുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ നേരിട്ട് സംഭരിച്ച് ജനങ്ങളിലെത്തിക്കും. ജനകീയമായി നടപ്പാക്കുന്ന പദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ പങ്കാളികളാക്കാനും പദ്ധതിയുണ്ട്. മര്‍കസിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് വേണ്ട പച്ചക്കറി, മാംസം, പാല്‍, മുട്ട എന്നിവയെല്ലാം ഇവിടെ നിന്ന് തന്നെ നേരിട്ട് ഉത്പാദിപ്പിക്കും. കേരളത്തിലെ നിരവധി പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്ന പ്രത്യേക പരിഗണന നല്‍കും.
നിത്യ ചെലവിന് വേണ്ടി പ്രയാസപ്പെടുന്ന പാരമ്പര്യ കര്‍ഷകര്‍, പ്രവാസികള്‍, യുവാക്കള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മസ്‌റ പ്രൊജക്ട് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ബുസ്താനിയും പറഞ്ഞു.

Latest