വ്യാപത്തിലും വലുത് ഡി എം എ ടിയില്‍

Posted on: July 17, 2015 4:25 am | Last updated: July 16, 2015 at 11:30 pm
SHARE

vyapamന്യൂഡല്‍ഹി: മധ്യപ്രദേശിനെ പിടിച്ചുലക്കുന്ന വ്യാപം അഴിമതിക്ക് പിന്നാലെ സംസ്ഥാനത്തെ ഡന്റല്‍- മെഡിക്കല്‍ പ്രവേശന പരീക്ഷയും (ഡി എം എ ടി) നിയമ നടപടികള്‍ക്ക് വിധേയമാകുന്നു. ഇത് സംബന്ധിച്ച ഹരജി സുപ്രീം കോടതി വാദം കേള്‍ക്കാനായി ഫയലില്‍ സ്വീകരിച്ചു. ഡി എം എ ടി തട്ടിപ്പും സി ബി ഐ അനേഷിക്കണമെന്നാശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
വ്യാപം കേസ് പോലെ എന്തുകൊണ്ട് ഈ കേസും സി ബി ഐയെ ഏല്‍പ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കോടതി ചോദിച്ചു. വ്യാപത്തെക്കാള്‍ വലിയ തട്ടിപ്പുകളാണ് സ്വകാര്യ മെഡിക്കല്‍, ഡന്റല്‍ കോളജുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ ഡി എം എ ടിയില്‍ നടന്നെന്നാണ് തോന്നുന്നതെന്ന് പറഞ്ഞ കോടതി, ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
മെഡിക്കല്‍ പ്രവേശനം ആഗ്രഹിച്ചെത്തിയ വിദ്യാര്‍ഥികള്‍ വലിയ തുക തന്നെ ഡി എം എ ടി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഹരജിക്കാരനായ ഡോ. ആനന്ദ് റായിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, വിവേക് തന്‍ഖ എന്നിവര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഒന്നും എഴുതാത്ത ഉത്തരക്കടലാസ് സമര്‍പ്പിക്കുകയും ഡി എം എ ടി അധികൃതര്‍ അതില്‍ ഉത്തരം എഴുതിച്ചേര്‍ക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും അഭിഭാഷകര്‍ പറഞ്ഞു.
പ്രതിവര്‍ഷം 1,500 ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളിലാണ് അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് മെഡിക്കല്‍ ആന്‍ഡ് ഡെന്റല്‍ കോളജസ് (എ പി ഡി എം സി) നടത്തുന്ന ഡി എം എ ടി വഴി പ്രവേശനം നടത്തുന്നത്. ഇതില്‍ 43 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയിലും 15 ശതമാനം എന്‍ ആര്‍ ഐ ക്വാട്ടയിലും പ്രവേശനം നടത്തിയതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം.
സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ 721 സീറ്റുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. 2010- 13 വര്‍ഷത്തിനിടക്ക് ഇതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നുണ്ട്. വ്യാപം കേസ് പൊതുശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ ഒരാളായ ഡോ. ആനന്ദ് റായി തന്നെയാണ് ഡി എം എ ടി തട്ടിപ്പിലും നിയമ നടപടികള്‍ തുടങ്ങിയിട്ടുള്ളത്.
തിരിമറി ആരോപണങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 12ന് നടന്ന ഡെന്റല്‍ ആന്‍ഡ് മെഡിക്കല്‍ പ്രവേശന പരീക്ഷ സംസ്ഥാന പരീക്ഷാ ബോഡി റദ്ദ് ചെയ്തിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചിരിക്കയാണ് എന്നാണ് എ പി ഡി എം സി അധികൃതര്‍ അറിയിച്ചത്. 12ന് പ്രവേശന പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഒ എം ആര്‍ ഷീറ്റ് പരിശോധിക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാന പരീക്ഷാ ബോഡി പ്രവേശന പരീക്ഷ റദ്ദ് ചെയ്തത്. മധ്യപ്രദേശില്‍ മാത്രം ഒമ്പത് കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയിരുന്നത്.
പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഒ എം ആര്‍ ഷീറ്റിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ സംസ്ഥാ ന പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര വകുപ്പ്, മെഡിക്കല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡ്മിഷന്‍ ആന്‍ഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി സെക്രട്ടറി, എ പി ഡി എം സി പ്രസിഡന്റ് എന്നിവരോട് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്. ഈ തട്ടിപ്പില്‍ രാഷ്ട്രീയക്കാരുടെയും ജഡ്ജിമാര്‍, ഐ എ എസ്, ഐ പി എസ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെയും ബന്ധുക്കള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഏതാനും ദിവസം മുമ്പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് ആരോപിച്ചിരുന്നു.