Connect with us

Gulf

ഈദ് ആഘോഷത്തിന് നാടും നഗരവും ഒരുങ്ങി

Published

|

Last Updated

ദുബൈ: റമസാന്‍ വിടപറയവേ ഈദ് ആഘോഷം കെങ്കേമമാക്കാന്‍ നാടും നഗരവും ഒരുങ്ങി. അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ഉള്‍പെടെ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ചെറിയ പെരുന്നാള്‍ പടിവാതില്‍ക്കല്‍ എത്തിയതോടെ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വര്‍ണവിളക്കുകളും തോരണങ്ങളും കൊണ്ട് അലംങ്കൃതമായിട്ടുണ്ട്.
രാജ്യത്ത് ആഘോഷങ്ങള്‍ക്ക് ഏറ്റവും പകിട്ടുണ്ടാവുക എല്ലാ വര്‍ഷത്തെയും പോലെ വാണിജ്യ നഗരമായ ദുബൈയില്‍ തന്നെയാവും. വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന നിരവധി പരിപാടികളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ദുബൈ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഈദ് പ്രമാണിച്ച് നഗരങ്ങളില്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. മിക്ക കടകളിലും ആകര്‍ഷകമായ കിഴിവുകളും നല്‍കുന്നുണ്ട്. രാജ്യത്തെ വസ്ത്ര വിപണിയിലാണ് ഓഫറുകളുടെ പെരുമഴക്കാലം. പ്രത്യേകിച്ചും റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന കടകളില്‍ ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഉള്‍പെടെ മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്.
സാധാരണക്കാരുടെ ഇഷ്ട ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതായ നൈഫിലും ബര്‍ദുബൈയിലുമെല്ലാം റെഡിമെയ്ഡ് കടകള്‍ക്ക് മുമ്പില്‍ ഓഫറുകളുടെ നീണ്ട പട്ടികയാണ്. മിക്ക കടകളിലും ഏതെടുത്താലും വമ്പിച്ച കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വസ്ത്രങ്ങള്‍ക്കൊപ്പം പാദരക്ഷകള്‍ക്കും വന്‍ വിലക്കിഴിവ് ഒട്ടുമിക്കയിടങ്ങളിലും ലഭിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളായ ദുബൈമാള്‍, സിറ്റി സെന്റര്‍ തുടങ്ങിയവക്കൊപ്പം ലുലു ഉള്‍പെടെയുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും ഓഫറുകളുമായി രംഗത്തുണ്ട്.
ദുബൈ വിനോദസഞ്ചാര വകുപ്പാണ് നഗരത്തിലെ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്റ്റേജ് ഷോ, സംഗീത നിശ, സര്‍ക്കസ്, വെടിക്കെട്ട് തുടങ്ങിയവയാണ് ഈദ് കെങ്കേമമാക്കാന്‍ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
വേള്‍ഡ് ട്രേഡ് സെന്ററിലെ 34,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഒതുക്കിയിരിക്കുന്ന മൊദാഷ് വേള്‍ഡാണ് മറ്റൊരു പ്രധാന വിനോദകേന്ദ്രം. അടുത്ത മാസം 29 വരെ പ്രവര്‍ത്തിക്കുന്ന മൊദാഷ് വേള്‍ഡില്‍ നിരവധി പരിപാടികളാണ് നടന്നുവരുന്നത്. പ്രധാനമായും കുടുംബങ്ങള്‍ കൂട്ടത്തോടെയാണ് മൊദാഷിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കുട്ടികളെ ആഘര്‍ഷിക്കുന്ന നിരവധി പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജെ ബി ആറിലെ “ദ ബീച്ചി”ലാണ് വെടിക്കെട്ട് ഒരുക്കുന്നത്. കാണികളുടെ തള്ളിക്കയറ്റത്തിനാവും ഈ വര്‍ഷം ഇവിടം സാക്ഷിയാവുക. രാത്രി 8.30 ആവും വെടിക്കെട്ട് ആരംഭിക്കുക. അറബ് ലോകത്തെ സംഗീതജ്ഞര്‍ അണിനിരക്കുന്ന പരിപാടി അറബ് സംഗീതത്തെ നെഞ്ചേറ്റുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമാവും. 19,20 തിയ്യതികളില്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ ശൈഖ് റാശിദ് ഹാളിലാണ് സംഗീത പരിപാടി അരങ്ങേറുക. ഇതോടൊപ്പം പതിവുപോലെ നൈഫ്, ബര്‍ദുബൈ ഉള്‍പെടെയുള്ള ഭാഗങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ പരമ്പരാഗത അറബിക് നൃത്തവും മറ്റും അരങ്ങേറും. പെരുന്നാളിനെ വരവേല്‍ക്കാന്‍ അബുദാബിയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കോര്‍ണീഷ് പോലെയുള്ള ഇടങ്ങളിലാവും കൂടുതല്‍ പരിപാടികള്‍ നടക്കുക. ഷാര്‍ജയില്‍ റോളക്കൊപ്പം മജാസ് മേഖലയിലും കലാ-സാംസ്‌കാരിക പരിപാടികള്‍ നടക്കും.

Latest