നിയമലംഘനം; വാഹനങ്ങളുടെ ഫീസില്‍ മാറ്റം വരുത്തി

Posted on: July 16, 2015 4:37 pm | Last updated: July 16, 2015 at 4:37 pm
SHARE

ഷാര്‍ജ: നിയമ ലംഘനത്തിന് പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകിട്ടാനുള്ള ഫീസില്‍ മാറ്റം വരുത്തിയതായി ഷാര്‍ജ പോലീസ് അറിയിച്ചു. 2010ല്‍ നിലവില്‍ വന്ന നിയമത്തില്‍ പറഞ്ഞ തുകയിലാണ് അധികൃതര്‍ മാറ്റംവരുത്തിയത്.
പുതിയ നിയമമനുസരിച്ച് തടഞ്ഞുവെക്കുന്ന കാലാവധിയില്‍ ചെറിയ വാഹനങ്ങള്‍ ദിവസത്തിന് 100 ദിര്‍ഹവും വലിയ വാഹനങ്ങള്‍ 200 ദിര്‍ഹവും അപേക്ഷക്കൊപ്പം നല്‍കണം. ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ചെറുവാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ 3,000 ദിര്‍ഹം ട്രാഫിക് വിഭാഗത്തില്‍ അടക്കണമെന്നര്‍ഥം.
ഇതിനു പുറമെ, ട്രാഫിക് വിഭാഗത്തില്‍ കസ്റ്റഡിയില്‍ വാഹനം നിര്‍ത്തിയിട്ട കാലയളവിലെ ഓരോ ദിവസത്തിനും 50 ദിര്‍ഹം ലാന്‍ഡ് ഫീസായും നല്‍കണമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. പക്ഷേ, ലാന്റിംഗ് ഫീസ് ഇനത്തില്‍ ചെറു വാഹനങ്ങള്‍ക്ക് പരമാവധി 5,000 ദിര്‍ഹവും വലിയവക്ക് 8,000 ദിര്‍ഹവും മാത്രമേ ഈടാക്കാവൂവെന്നും പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നുണ്ട്.
നിയമലംഘനങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ ഡ്രൈവിംഗ് എല്ലാവരും പതിവാക്കണമെന്നും നിയമലംഘനങ്ങള്‍ തടയാന്‍ ആവിഷ്‌കരിക്കുന്ന ഇത്തരം നിയമങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് വിഭാഗം അഭ്യര്‍ഥിച്ചു.