ഡ്രോണ്‍: പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

Posted on: July 16, 2015 1:19 pm | Last updated: July 17, 2015 at 12:11 am
SHARE

indo pak borderഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യ ചാര ഡ്രോണ്‍ വിമാനം അയച്ചുവെന്ന ആരോപണത്തിന്റെ പശചാത്തലത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. പാക് വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയാണ് ഹൈക്കമീഷണര്‍ ടി സി എ രാഘവനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയത്.

നിയന്ത്രണ രേഖക്ക് അരികിലെ ബഞ്ചിരിയാന്‍ സെക്ടറില്‍ പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തിയില്‍ ഇന്ത്യ ചാരവിമാനം പറത്തിയെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. പാക് അധീന കാശ്മീരിന്റെ ആകാശ ദൃശ്യം പകര്‍ത്താനാണ് ഇന്ത്യ ചാരവിമാനം അയച്ചതെന്നും പാക്കിസ്ഥാന്‍ സേന ആരോപിക്കുന്നു.

അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യന്‍ സേന നിഷേധിച്ചു. ഇന്ത്യയുടെ ഒരു ഡ്രോണ്‍ വിമാനവും വെടിവെച്ച് വീഴ്ത്തപ്പെട്ടിട്ടില്ലെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.