റബറിന് പിന്നാലെ നാളികേരത്തിന്റെ വിലയും താഴേക്ക്; കര്‍ഷകര്‍ ദുരിതത്തില്‍

Posted on: July 16, 2015 10:18 am | Last updated: July 16, 2015 at 10:18 am
SHARE

മലപ്പുറം;റബറിന് പിന്നാലെ നാളികേര വിലത്തകര്‍ച്ച മലയോര കര്‍ഷകരെ ദുരിതത്തിലാക്കും.
റബറിന് പിന്നാലെ വെളിച്ചെണ്ണ ഇറക്കുമതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതാണ് നാളികേരത്തിനും വിലയിടിയാന്‍ കാരണം. ക്വിന്റലിന് 17,000 രൂപ വരെയുണ്ടായിരുന്ന വെളിച്ചെണ്ണ വില 10,400ലേക്ക് താഴ്ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം നാളികേര ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ റെക്കോര്‍ഡ് വില ലഭിച്ചിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ച് വെളിച്ചെണ്ണ ഇറക്കുമതിയുടെ മറവില്‍ നാളികേര വില അനുദിനം താഴുകയാണ്. കേന്ദ്രം കൊപ്രക്ക് 5500 രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കഴിഞ്ഞ വര്‍ഷം കൊപ്രയുടെ വില 11,000 രൂപയായിരുന്നു.
നിലവില്‍ 6555 ആയി. ഈ സ്ഥിതി തുടര്‍ന്നാല്‍ താങ്ങു വിലക്കൊപ്പമെത്താന്‍ ഇനിയധികം ദിവസം വേണ്ടിവരില്ല. വെളിച്ചെണ്ണ ഇറക്കുമതിയുടെ ഭീഷണി നിലനില്‍ക്കെ കൊപ്ര സംഭരിക്കാന്‍ സംസ്ഥാനത്തെ മില്ലുകള്‍ മടി കാണിക്കുന്നതാണ് വില താഴാന്‍ ഇടയാക്കുന്നത്. കൊപ്രക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വെളിച്ചെണ്ണയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഗ്രാമീണ മേഖലകളില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
മണ്ഡരി രോഗ ബാധയെ തുടര്‍ന്നു നാളികേരത്തിന്റെ വലിപ്പക്കുറവ് കാരണം ഒരു കിലോഗ്രാമിന് മൂന്നു തേങ്ങ വേണ്ടിവരും. പൊതുമാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം നാളികേരത്തിന്റെ വില 19 രൂപയാണ്. ഒരു നാളികേരത്തിന് ശരാശരി ഏഴ് രൂപ. തെങ്ങിന്‍തോപ്പിലെ പണിക്ക് തൊഴിലാളിയെ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 700 രൂപയെങ്കിലും പ്രതിദിനം നല്‍കണം. മലയോര മേഖലയില്‍ തെങ്ങിന്‍ തോട്ടങ്ങള്‍ വെട്ടിമാറ്റി റബ്ബര്‍ കൃഷി ചെയ്തവരും നിരവധിയാണ്. എന്നാല്‍ 2013ന്റെ അവസാനത്തോടെ നാളികേര വില ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും തെങ്ങ് കൃഷിയില്‍ സജീവമായ കര്‍ഷകരാണ് പെട്ടെന്നുണ്ടായ വിലയിടിവില്‍ പകച്ചു നില്‍ക്കുന്നത്.