Connect with us

Malappuram

നവജാത ശിശുവിന്റെ മരണം: അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

Published

|

Last Updated

മഞ്ചേരി: ഇക്കഴിഞ്ഞ 11ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ലേബര്‍ റൂമില്‍ നവജാത ശിശു മരണപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അന്വേഷണ വിധേയമായി താത്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ഡി എം ഒ ഡോ. വി ഉമറുല്‍ ഫാറൂഖ് ഉത്തരവിട്ടു.
ഡോക്ടര്‍മാരായ രജനി, ജ്യോത്സ്‌ന, നഴ്‌സുമാരായ ഫസ്‌ല, മഞ്ജു, നഴ്‌സിംഗ് അസിസ്റ്റന്റ് അന്ന എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് നിയോഗിച്ച അന്വേഷണ സംഘം ഇന്നലെ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
ഡെപ്യൂട്ടി ഡി എം ഒ ഡോ. രേണുക, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ജയശ്രീ, സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജാത, ശിശു രോഗ വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. രാവിലെ പത്തര മണിക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ആദ്യം മരണപ്പെട്ട ശിശുവിന്റെ മാതാപിതാക്കളായ പയ്യനാട് തടപ്പറമ്പ് മുട്ടിക്കല്‍ ഹഫ്‌സത്ത്, അസ്‌കര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു.
തുടര്‍ന്ന് ഡോ. ജ്യോത്സ്‌നയടക്കം സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്റര്‍മാര്‍ തുടങ്ങി ഇരുപതോളം പേരില്‍ നിന്നും മൊഴിയെടുത്തു. സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോ. ജ്യോത്സ്‌നയെയും സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും സസ്‌പെന്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു.
ഡി എം ഒ എത്തണമെന്ന സമരക്കാരുടെ വാശിയെ തുടര്‍ന്ന് സൂപ്രണ്ടും മറ്റും ആവശ്യപ്പെട്ടതനുസരിച്ച് വൈകീട്ട് ആറുമണിയോടെ സ്ഥലത്തെത്തിയ ഡി എം ഒ നടപടിക്ക് ഉത്തരവിടുകയായിരുന്നു. ഡി സി സി സെക്രട്ടറി പറമ്പന്‍ റശീദ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത് എന്നിവരും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ് ഐ പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Latest